scorecardresearch
Latest News

ആക്രമണങ്ങള്‍ക്കെതിരെ എടുക്കുന്ന നമ്മുടെ നിലപാടില്‍ മാറ്റം വരണം : ഉണ്ണികൃഷ്ണന്‍

”ഒരാളെ നമുക്ക് ജീവനോടെ പിടിക്കാനായി. ധീരനായ എഎസ്‌ഐ തുക്കാറാം ഒംബ്ലെ ഒറ്റയ്ക്കായിരുന്നു അയാളെ പിടികൂടിയത്. അതും ഒരു ആയുധവുമില്ലാതെ”

ആക്രമണങ്ങള്‍ക്കെതിരെ എടുക്കുന്ന നമ്മുടെ നിലപാടില്‍ മാറ്റം വരണം : ഉണ്ണികൃഷ്ണന്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഓർക്കുന്ന നേരം മനസിലേക്ക് വരുന്നത് നിരായുധനായി ഭീകരരെ നേരിട്ട എഎസ്ഐ തുക്കാറാം ഓംബാലെയാണെന്ന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് ഉണ്ണികൃഷ്ണന്‍. ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ മുംബെെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണത്തിലെ രക്തസാക്ഷിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ പിതാവ് മുന്‍ ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ്.

”26/11 ന്റെ പത്താം വാര്‍ഷികമാണ് ഇന്ന്. പത്ത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ്, മുംബൈ നഗരത്തെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഭീകരാക്രമണത്തിന് ലോകം സാക്ഷ്യം വഹിച്ചത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള നമ്മുടെ അയല്‍ക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പോടെയായിരുന്നു ആക്രമണം നടന്നത്. ആയുധധാരികളായ പത്ത് യുവാക്കള്‍ നമ്മുടെ കിടപ്പു മുറിയോളം എത്തുന്നതുവരെ നമുക്കൊന്നും ചെയ്യാനായിരുന്നില്ല. നമ്മുടെ നാടിന് പരമാവധി പരുക്കേല്‍പ്പിക്കാന്‍ നമ്മളവരെ അനുവദിച്ചു. സേനകള്‍ക്കു പിന്നാലെ സേനകളെ ഇറക്കി അപകടത്തിന്റെ തോത് കുറക്കാനുള്ള നമ്മുടെ ശ്രമം അവരില്‍ ഒമ്പത് പേരെ വധിക്കുന്നതോടെയാണ് അവസാനിച്ചത്. ഒരാളെ നമുക്ക് ജീവനോടെ പിടിക്കാനായി. ധീരനായ എഎസ്‌ഐ തുക്കാറാം ഒംബ്ലെ ഒറ്റയ്ക്കായിരുന്നു അയാളെ പിടികൂടിയത്. അതും ഒരു ആയുധവുമില്ലാതെ ഒറ്റയ്ക്ക്. 26/11 നെ കുറിച്ച് എപ്പോള്‍ ആലോചിച്ചാലും എന്റെ ആദ്യ സല്യൂട്ട് അദ്ദേഹത്തിന്റെ ആത്മാവിനായിരിക്കും,” അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ മുംബെെയില്‍ സംസാരിക്കുന്നു

”ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനവുമേറ്റു വാങ്ങി മുംബൈയും രാജ്യവും വളരെ പെട്ടെന്നു തന്നെ സാധാരണ ഗതിയിലേക്ക് മടങ്ങി വന്നു. പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു, അന്താരാഷ്ട്ര തലത്തില്‍ തന്നെ അവരുടെ പങ്ക് തെളിയിക്കാനായിട്ടും നമുക്ക് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മാത്രവുമല്ല, അവരെ, അവരുടെ നാട്ടില്‍ നിരപരാധികളായി പ്രഖ്യാപിക്കുകയും നമ്മുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറയുകയും ചെയ്തു. ഭീകരരെ വളര്‍ത്തുന്ന രാജ്യം അവരെ രാജ്യത്തിന്റെ നയം  കണക്കെ സംരക്ഷിക്കുകയാണ്” അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ-നയതന്ത്ര കാരണങ്ങള്‍ കൊണ്ട് ആക്രമണങ്ങള്‍ക്കെതിരെ എടുക്കുന്ന നമ്മുടെ നിലപാടില്‍ മാറ്റം വരണമെന്നും ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും ഭീകരതയെ ആയുധമാക്കുന്ന ശത്രുവിനെതിരെ രാജ്യമെന്ന നിലയില്‍ നയം രൂപീകരിക്ക ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉണ്ണികൃഷ്ണനും ഭാര്യ ധനലക്ഷ്മിയും

മുംബൈ ഭീകരാക്രമണം തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമല്ല, അത്തരം സംഘടനകള്‍ ആക്രമണം നടത്തുമെന്ന് മുന്‍കൂട്ടി തിരിച്ചറിയുന്നതിലും പിഴവ് വരുന്നുവെന്നതിലേക്കും നമ്മുടെ കണ്ണുതുറപ്പിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം, ആക്രമണത്തെ നേരിടുന്നതില്‍ പല പാളിച്ചകളും സംഭവിച്ചുവെന്നത് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുകായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിലും വേണ്ട നടപടിയെടുക്കുന്നതിലും ഒരുപാട് പാഠങ്ങള്‍ സംഭവത്തിലൂടെ രാജ്യം പഠിച്ചെന്നും അദ്ദേഹം പറഞ്ഞു.

26/11 ന്റെ വാര്‍ഷികം രാജ്യത്തിന് വേണ്ടി പൊരുതിയ ധീരര്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള അവസരമാണെന്നും അവരില്‍ ചിലര്‍ നമുക്ക് ചുറ്റുമായി നിന്നു കൊണ്ട് നിശബ്ദം ഇതെല്ലാം നോക്കി കാണുന്നുണ്ടെന്നും പറഞ്ഞ ഉണ്ണികൃഷ്ണന്‍ രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ യുവാക്കള്‍ക്ക് ഇതൊരു അവസരമാണെന്നും പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 26 11 mumbai attack anniversary major sandeep unnikrishnan father unnikrishnan pays homage to martyrs