ലാഹോർ: ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തു. ലാഹോറില്‍ വച്ച് പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഭീകരനേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും വിവരമുണ്ട്. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറന്‍വാലയിലേക്കുളള യാത്രയ്ക്കിടെയാണ് അറസ്റ്റെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏത് കേസിലാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. ഭീകരപ്രവർത്തനങ്ങൾക്കുള്ള പണമിടപാടുകേസിൽ പ്രതിയാക്കിയതിനെ ചോദ്യംചെയ്ത് ഹാഫിസ് സയീദും കൂട്ടാളികളും നൽകിയ ഹർജിയിൽ പാക് സർക്കാരിനും പഞ്ചാബ് പ്രവിശ്യ സർക്കാരിനും ഭീകരവിരുദ്ധ ഡിപ്പാർട്മെന്റിനും ലഹോർ ഹൈക്കോടതി നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. പാക്കിസ്ഥാനിൽ ജമാഅത്തുവ അനധികൃതമായി ഭൂമി കൈയ്യേറി മതപഠനശാലകൾ നടത്തുന്നുവെന്ന കേസില്‍ കഴിഞ്ഞ ദിവസം ഹാഫിസിനും 12 കൂട്ടാളികള്‍ക്കും ഓഗസ്റ്റ് 31 വരെ മുൻകൂർ ജാമ്യം നൽകിയിരുന്നു.
മുംബൈ ഭീകരാക്രമണം നടന്ന ഉടൻ തന്നെ ലഷ്കറെ തയിബ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അമേരിക്കൻ പൗരനടക്കം മുംബൈ ഭീകരാക്രമണത്തിൽ മരിച്ചിരുന്നു. ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക അടക്കമുളള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ പത്ത് മാസം നീണ്ട വീട്ടുതടങ്കലിൽ നിന്ന് പാക് ജുഡീഷൽ റിവ്യൂ ബോർഡ് ഉത്തരവിനെ തുടർന്ന് ഹാഫിസ് സയീദ് സ്വതന്ത്രനായിരുന്നു. കോടതി ഉത്തരവ് ലഭിച്ച ഉടനെ ഹാഫിസ് സയീദിന്റെ വീട്ടിൽ നിന്നും ജയിൽ അധികൃതർ പിൻവാങ്ങിയിരുന്നു.