മീററ്റ്: ഹിന്ദുക്കൾ സംഘടിക്കണമെന്നും ഇന്ത്യയുടെ ഉത്തരവാദിത്വം ഹിന്ദുക്കൾക്കാണെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഇതിന് സാധിച്ചില്ലെങ്കിൽ ഭാവിയിൽ ഹിന്ദുക്കൾ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മീററ്റിൽ സ്വയംസേവക് മഹാസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാചീന കാലം മുതലേ ഇന്ത്യ ഹിന്ദുക്കളുടേതായിരുന്നുവെന്ന് പറഞ്ഞ മോഹൻ ഭാഗവത് ഹിന്ദുക്കൾക്ക് പോകാൻ മറ്റൊരു ഇടമില്ലെന്നും പറഞ്ഞു. “ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയൂ. ഹിന്ദുക്കളായതിനാൽ നമ്മൾ സംഘടിക്കണം. കാരണം ഇന്ത്യയുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണ്. പ്രാചീന കാലം മുതലേ ഇന്ത്യയാണ് ഹിന്ദുക്കളുടെ  വീട്. ഈ രാജ്യത്തിന് ദോഷകരമായി എന്തെങ്കിലും സംഭവിച്ചാൽ നമ്മളാവും അതിന്റെ ഉത്തരവാദികൾ”, ആർഎസ്എസ് തലവൻ പറഞ്ഞു.

“നമ്മൾ ജാതിയുടെ പേരിൽ പരസ്‌പരം പോരടിക്കുകയാണ്. ജാതിഭേദമന്യേ എല്ലാ ഹിന്ദുക്കളും സഹോദരങ്ങളാണെന്ന് നമ്മളവരെ പഠിപ്പിക്കണം. ഭാരതമാതാവിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്നവർ ഹിന്ദുക്കളാണ്. ഹിന്ദുക്കളാണ് തങ്ങളെന്ന് അറിയാത്ത ഹിന്ദുക്കൾ പോലും ഈ രാജ്യത്തുണ്ട്”, മോഹൻ ഭാഗവത് പറഞ്ഞു.

“നമ്മൾ ധനികരായ രാജാക്കന്മാരുടെ കഥകളല്ല പിന്തുടർന്നത്. പിതാവിന്റെ വാക്കുപാലിക്കാൻ രാജ്യം വിട്ട രാമന്റെ ത്യാഗസമ്പന്നമായ കഥയാണ് നമ്മൾ കേട്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“എല്ലാ രാജ്യവും ഒരുദ്ദേശത്തോടെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവേകാനന്ദൻ പറഞ്ഞിട്ടുളളത്. റോം അധികാരത്തിന് വേണ്ടിയാണ് പണികഴിപ്പിക്കപ്പെട്ടത്. ഗ്രീസ് സൗന്ദര്യത്തിന്റെ നാടാണ്. കലയുടെ നാടാണ് ഫ്രാൻസ്. അവരുടെ ഉദ്ദേശങ്ങൾ നേടിക്കഴിഞ്ഞു. ജീവനം എന്ന ആശയമാണ് ഇന്ത്യയുടെ രൂപീകരണത്തിന്റെ ആധാരം. അത് ഒരിക്കലും അവസാനിക്കാത്തതാണ്. അതുകൊണ്ട് ഇന്ത്യയ്ക്ക് മരണമില്ല,” ഭാഗവത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook