മനാമ: ബെഹ്‌റിനിലുള്ള 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റിന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബെഹ്റിൻ ജയിലുകളിൽ കഴിയുന്ന 250 തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായത്. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി.

മലയാളികടക്കം ബെഹ്റിനിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാർക്ക് ആശ്വാസമാകുന്ന വാർത്തയാണിത്. ശിക്ഷാ കാലഘട്ടത്തിൽ പെരുമാറ്റം കാഴ്‍ചവച്ചവരെയായിരിക്കും മോചിക്കുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി. അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനം സാധ്യമാകില്ല.

ഇതൊടൊപ്പം ബഹിരാകാശ സാങ്കേതികവിദ്യ, സൗരോർജം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ ഇന്ത്യയും ബഹ്റിനും സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാഷ്ട്ര തലവന്മാരും ഒപ്പിട്ടു. ഐഎസ്ആർഒ ബഹ്റിനിലെ നാഷണല്‍ സ്പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും കരാറായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook