ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മ​തേ​ത​രത്വത്തിന്റെ അ​ടി​ത്ത​റ​യി​ള​ക്കിയ ബാ​ബ​റി മ​സ്​​ജി​ദ്​ ധ്വംസനത്തിന് കാ​ൽ നൂ​റ്റാ​ണ്ട്. ജനാധിപത്യ രാ​ജ്യ​ത്തി​​ന്റെ ചരിത്രത്തിലെ കറുത്ത പാടായ കുറ്റകൃത്യത്തിന്റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​വു​ക​യോ ആ​രെ​യും ശി​ക്ഷി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. പ​ള്ളി നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശ ത​ർ​ക്ക​വും നി​യ​മ​യു​ദ്ധ​മാ​യി തു​ട​രു​ന്നു. ഇന്നലെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​ക്കെ​ടു​ത്ത ഉ​ട​മസസ്ഥാവകാശ കേ​സി​​ന്റെ അ​ന്തി​മ​വാ​ദം ഫെ​ബ്രു​വ​രി എ​ട്ടി​ലേ​ക്ക്​ മാ​റ്റി​വ​ച്ചിരുന്നു. 25 വര്‍ഷമായി തുടരുന്ന രാമജന്മഭൂമി- ബാബറി മസ്‌ജിദ്‌ കേസില്‍ അടുത്ത വര്‍ഷം ഫെബ്രുവരി എട്ടിന്‌ വാദം തുടങ്ങുമെന്നാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയടങ്ങുന്ന മൂന്നംഗ ബെഞ്ച്‌ നിര്‍ദേശിച്ചത്‌.

രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ വെല്ലുവിളിച്ച് ബിജെപി നേതാവ് എല്‍.കെ.അഡ്വാനി നടത്തിയ രഥായാത്ര അയോധ്യയിലെത്തിയതോടെയാണ് 1992 ഡിസംബര്‍ ആറ് ഞായറാഴ്ച കര്‍സേവക‌ര്‍ ബാബറി മസ്ജിദ് പൊളിക്കുന്നത്.‌ തുടര്‍ന്നുള്ള കലാപം 2000 പേരുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ചെയ്‌തു. കാവി ഭരണത്തിനു തുടക്കമിട്ട കേന്ദ്രമെന്ന നിലയില്‍ അയോധ്യയോട്‌ ബിജെപിക്കും താല്‍പര്യമേറെ. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ആദ്യ രാഷ്‌ട്രീയ വിഭാഗമായിരുന്ന ജനസംഘത്തിന്റെ ആദ്യ എംഎല്‍എ തിരഞ്ഞെടുക്കപ്പെട്ടത്‌ ഇവിടെനിന്നാണ്‌. അവിടെ നിന്നാണ് രാജ്യത്തെ ഭരണകക്ഷിയെന്ന നിലയിലേക്ക് ബിജെപി വളരുന്നത്.

ബാബറി മസ്‌ജിദ്‌ തകര്‍ത്തതിന്റെ 25-ാം വാര്‍ഷികം “ശൗര്യ ദിവസ്‌” ആയി ആചരിക്കുകയാണ് വിശ്വഹിന്ദു പരിഷത്‌. ഇതിന്റെ ഭാഗമായി വിഎച്ച്‌പിയുടെ ഓഫീസുകള്‍ കാവിക്കൊടികളും തോരണങ്ങളും കൊണ്ട്‌ അലങ്കരിച്ചുകഴിഞ്ഞു. പ്രശ്‌നം സമാധാനത്തോടെ പരിഹരിക്കപ്പെടാന്‍ പ്രാര്‍ഥനയോടെ കഴിയാന്‍ ബാബറി മസ്‌ജിദ്‌ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫാര്‍യബ്‌ ജീലാനി നിര്‍ദേശിച്ചു. വാര്‍ഷിക ദിനം സമാധാനപരമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

സിപിഎം, സിപിഐ, ആര്‍എസ്‌പി, എഐഎഫ്‌ബി, എസ്‌യുസിഐ (സി) എന്നിവയാണ്‌ വര്‍ഗീയ ശക്‌തികള്‍ക്കെതിരെ ഇന്ന്‌ കരിദിനം ആചരിക്കുന്നത്‌. ബാബറി ധ്വംസനത്തിന്റെ വാർഷിക ദിനം കണക്കിലെടുത്തു രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മതകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ