ഭോപ്പാൽ: സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ഒരമ്മ പുലിയുമായി പോരാടിയത് അര മണിക്കൂറോളം. 25 കാരിയായ ആശ എന്ന സ്ത്രീയാണ് ഒരു ആയുധവും ഇല്ലാതെ കൈകൾ കൊണ്ട് പുലിയെ നേരിട്ടത്. രണ്ടു വയസ്സുകാരിയായ മകൾക്കൊപ്പം മാതാപിതാക്കൾ താമസിക്കുന്ന ഗ്രാമത്തിലേക്ക് വനപ്രദേശത്ത് കൂടി പോവുകയായിരുന്നു ആശ. ഇതിനിടയിലായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം.

സംഭവത്തെക്കുറിച്ച് ആശ പറയുന്നത്: ‘വനത്തോട് ചേർന്നുളള പാടവരമ്പത്ത് കൂടി മകൾക്കൊപ്പം പോവുകയായിരുന്നു. ഇതിനിടയിലാണ് പുലി ചാടിവീണത്. ഞാൻ പെട്ടെന്ന് തറയിലേക്ക് വീണു. മകളെ ചേർത്തുപിടിച്ചു. പുലി എനിക്കും മകൾക്കും ചുറ്റും നടന്നു. പല തവണ എന്റെ നേർക്ക് ചാടി വീഴാൻ ശ്രമിച്ചു. ഞാൻ മകളെയും കൊണ്ട് ഓടാൻ ശ്രമിച്ചു. അപ്പോഴേക്കും എന്റെ സാരിയിൽ പുലി പിടികൂടി. അതിനുശേഷം മകളെ പിടികൂടാൻ നോക്കി. അപ്പോഴേക്കും പുലിയുടെ കഴുത്തിൽ ഞാൻ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ചു. എന്റെ കൈയ്യിലും തോളിലും പുലിയുടെ നഖങ്ങൾ പതിഞ്ഞു. അപ്പോഴും ഞാൻ പിടിവിട്ടില്ല. പക്ഷേ പുലി എന്നെ കടിച്ചില്ല. എന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. പിന്നാലെ പുലി കാട്ടിലേക്ക് ഓടിപ്പോവുകയും ചെയ്തു’.

20 മിനിറ്റോളം പുലിയുമായി ആശ പോരാടിയെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനപാലകർ പുലിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് ജില്ലാ ഫോറസ്റ്റ് ഓഫിസർ എ.കെ.അൻസാരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ