ഭോപ്പാല്‍: പശുക്കളുടെ പേരില്‍ രാജ്യത്ത് വീണ്ടും അതിക്രമം. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയില്‍ കന്നുകാലികളെ കാലിച്ചന്തയിലേക്ക് കൊണ്ടു പോകും വഴി 24 പേരെ ഒരു സംഘം ആക്രമിച്ചു. ‘ഗോ മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. ഞായറാഴ്ചയാണ് സംഭവം നടന്നത്.

24 അംഗ സംഘത്തില്‍ 15ഓളം പേരെ കയറുകൊണ്ട് കെട്ടി റോഡില്‍ മുട്ടുകുത്തി നിര്‍ത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വച്ച് ഇവരോട് ഗോ മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇത് വ്യക്തമായി കാണാം. വെളുത്ത നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച ഒരാളാണ് മൊബൈല്‍ ഉപയോഗിച്ച് ഇവരുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത്. മറ്റു ചിലര്‍ കെട്ടിയിട്ടവര്‍ക്ക് കാവല്‍ നില്‍ക്കുന്നതും കാണാം.

കന്നുകാലികളെ കശാപ്പിനായി കടത്തുന്നു എന്നാരോപിച്ച് 100 ഓളം വരുന്ന ആള്‍ക്കൂട്ടം 24 പേരെ സവാലികെട ഗ്രാമത്തില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. 20 കന്നുകാലികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കെട്ടിയിട്ട് ഗ്രാമത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഖല്‍വ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യാത്രാമധ്യേ തെരുവുകളിലൂടെ പരേഡ് ചെയ്യിപ്പിക്കുകയും ചെയ്തു.

കന്നുകാലികള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 24 പേരില്‍ ഒരാളുടെ പക്കല്‍ പോലും കൃത്യമായ രേഖകളുണ്ടായിരുന്നില്ലെന്നും അതിനാല്‍ അവര്‍ക്കെതിരെ ഗോവധനിരോധന നിയമപ്രകാരം കേസെടുത്തെന്നും അറസ്റ്റു ചെയ്തെന്നുമാണ് പൊലീസ് അറിയിച്ചത്. അതേസമയം, ഇവരെ മർദിച്ചവര്‍ക്കെതിരേ ഒരു നടപടിപോലും പൊലീസ് കൈക്കൊണ്ടിട്ടില്ല. ഖണ്ഡ്വ സെഹോര്‍ ദേവാസ് ഹര്‍ദ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ 24 പേരില്‍ ഭൂരിഭാഗവും. ഇവരില്‍ ആറ് പേര്‍ മുസ്‌ലിങ്ങളാണ്.

നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് ഇത് നടക്കുന്നത്. സമ്മേളനത്തില്‍ ഗോ ജാഗ്രതയ്‌ക്കെതിരായി ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ ബില്‍ പാസായാല്‍ അക്രമികള്‍ക്ക് ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയും ചുമത്താം.

മേയ് മാസത്തില്‍ ഓട്ടോറിക്ഷയില്‍ ബീഫ് കടത്തി എന്നാരോപിച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ രണ്ടുപേരെ മരത്തില്‍ കെട്ടിയിട്ട് മർദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook