ന്യൂഡൽഹി: അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഞായറാഴ്ച ഹിമാചൽ പ്രദേശിൽ 24 പേരും പഞ്ചാബിൽ മൂന്ന് പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലും സാധാരണ ലഭിക്കാറുള്ളതിനെക്കാൾ പത്തിരട്ടിയിലധികം മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഈ മൺസൂണിലെ ഇതുവരെ ഏറ്റവും മഴ ലഭിച്ച ദിവസം ഞായറാഴ്ചയായിരുന്നു. പഞ്ചാബിൽ സാധാരണ നിലയേക്കാൾ 1,300 ശതമാനം മഴ ലഭിച്ചു. ഹിമാചൽ പ്രദേശിൽ 1,064 ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്. അതിർത്തിയിലെ ന്യൂനമർദം കാരണം രണ്ട് വടക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, ഡൽഹി എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം വരെ കനത്ത മഴ തുടരും. എന്നിരുന്നാലും, തിങ്കളാഴ്ച ഉച്ചയോടെ ഈ സംവിധാനം ദുർബലമാകാൻ സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ മഴയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്ന് പൂനെ ഐ‌എം‌ഡിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹിമാചൽ പ്രദേശിൽ, ഒൻപത് പേർ ഷിംലയിലും അഞ്ച് പേർ സൊളാനിലും, കുളു, സിർമൌർ, സൊളാൻ, ചമ്പ എന്നിവിടങ്ങളിൽ രണ്ട് വീതവും ഉന, ലാഹോൾ-സ്പിതി ജില്ലകളിൽ ഓരോരുത്തരും വീതം മരിച്ചു. സംസ്ഥാനത്ത് ആകെ 490 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കാൻഗ്രയിലെ നൂർപൂർ, സോളന്റെ നലാഗർ ഉപവിഭാഗങ്ങളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളെ വിളിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബിൽ ശനിയാഴ്ച ലുധിയാന ജില്ലയിലെ ഖന്നയിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞ് ഒൻപത് വയസുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

ഇടിമിന്നലിൽ മേൽക്കൂര തകർന്നു വീണ സമയത്ത് കുടുംബം അത്താഴം കഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുർജിത് സിങ് (37), ഭാര്യ ബൽവീന്ദർ കൗർ (35), മകൻ ഗുർപ്രീത് സിങ് (9) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൾ സിമ്രാൻജിത് കൗർ (11) അത്ഭുതകരമായി രക്ഷപ്പെട്ടു.

കനത്ത മഴയെ തുടർന്ന് പഞ്ചാബിൽ എട്ട് ജില്ലകളിലെ 250 ഗ്രാമങ്ങളിൽ ഇടത്തരം വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോപർ ഹെഡ് വർക്ക്സിൽ നിന്ന് സത്‌ലജ് നദിയിലേക്ക് 2.40 ലക്ഷം ക്യുസെക് വെള്ളം ഞായറാഴ്ച തുറന്നുവിട്ടു. സംസ്ഥാനത്തെ മൂന്ന് പ്രധാന ഡാമുകളുടെ ജലനിരപ്പ് അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്, ഭക്ര ഡാം അതിന്റെ പരമാവധി ശേഷിയിൽ എത്തിയിട്ടുണ്ട്.

സൈന്യത്തോട് സജ്ജമായിരിക്കാൻ അഭ്യർഥിക്കുകയും ചില ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ അടയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. റോപ്പർ, നവൻഷഹർ, ജലന്ധർ, കപൂർത്തല, ലുധിയാന, ടാർ ടാരൻ, മോഗ, ഫിറോസ്പൂർ എന്നിവ ഉൾപ്പെടുന്ന എട്ട് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook