കൊച്ചി: ഒറ്റ ദിവസം കൊണ്ട് ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന ക്ഷേത്രങ്ങളിലെ ഭഗവാന്മാരെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. തന്റെ സ്വകാര്യ ഹെലികോപ്റ്ററിൽ ഇന്നലെയായിരുന്നു വിവാഹക്ഷണക്കത്തുമായി അംബാനി യാത്ര ചെയ്തത്.

ആന്ധ്രയിലെ തിരുമലയിൽ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലാണ് അദ്ദേഹം ഇന്നലെ ആദ്യം എത്തിയത്. ഇളയ മകൻ ആനന്ദിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. കല്യാണ ക്ഷണക്കത്ത് നടയിൽ വച്ച അംബാനി പിന്നീട് ക്ഷേത്രത്തിൽ 55,000 രൂപ സംഭാവനയും നൽകി.

ഇവിടെ നിന്നും ഹെലികോപ്റ്റർ പറന്നത് നേരെ ഗുരുവായൂരിലേക്കാണ്. ഉച്ചയോടെ സാക്ഷാൽ ഗുരുവായൂരപ്പന് മുന്നിലെത്തിയ അംബാനിയും മകനും കണ്ണനെ തൊഴുതു. ഇവിടെയും വിവാഹ ക്ഷണക്കത്ത് നടയിൽ വച്ച അംബാനി 55,000 രൂപ ക്ഷേത്രം ദേവസ്വത്തിന് സംഭാവന നൽകി. ഏതാണ്ട് 15 മിനിറ്റ് അംബാനി ക്ഷേത്രത്തിൽ ചിലവഴിച്ചു.

അടുത്ത യാത്ര രാമേശ്വരത്തേക്കായിരുന്നു. രാമനാഥ സ്വാമി ക്ഷേത്രമായിരുന്നു ലക്ഷ്യ സ്ഥാനം. തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഇവിടെയും 15 മിനിറ്റോളം സമയം ചിലവഴിച്ച അദ്ദേഹം 55,000 രൂപ സംഭാവന നൽകാൻ മറന്നില്ല. മകളുടെ വിവാഹ ക്ഷണക്കത്ത് അംബാനി ആദ്യം സമർപ്പിച്ചത് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കാണ്. കേദാർനാഥ്-ബദരീനാഥ് ക്ഷേത്രത്തിലും ക്ഷണക്കത്ത് അദ്ദേഹം സമർപ്പിച്ചിരുന്നു.

പിരാമൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകൻ ആനന്ദ് പിരാമലാണ് ഇഷ അംബാനിയെ വിവാഹം കഴിക്കുന്നത്. ഇറ്റലിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ഡിസംബർ 12 നാണ് ഇരുവരുടെയും വിവാഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook