ന്യൂഡൽഹി: ജമ്മു കശ്മീരിലെ വിവിധ പ്രവിശ്യകളിൽ ഈ വർഷം നടന്ന ഏറ്റുമുട്ടലുകളിൽ 230 ഭീകരരെ കൊലപ്പെടുത്തിയെന്ന് സൈന്യം. കല്ലേറ് കുറഞ്ഞതോടെ സംസ്ഥാനത്ത് ആക്രമണങ്ങളിൽ വലിയ കുറവാണ് ഉണ്ടായതെന്നും കണക്കുകളിൽ പറയുന്നു.

ജൂൺ 25 മുതൽ സെപ്‌റ്റംബർ 14 വരെയുളള 80 ദിവസത്തിനിടെ 51 ഭീകരരാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 15 ന് ശേഷം ഡിസംബർ അഞ്ച് വരെയുളള കാലയളവിലാണ് 85 ഭീകരർ കൊല്ലപ്പെട്ടത്. ഈ വർഷം 232 പേരെ കൊലപ്പെടുത്തിയെങ്കിലും കശ്മീരിൽ 240 ഭീകരർ ഇപ്പോഴും അവശേഷിക്കുന്നതായി സൈന്യം പറയുന്നു. ഇവരിൽ വിദേശികളും ഉളളതായാണ് സൈന്യം ചൂണ്ടിക്കാട്ടുന്നത്.

സൈനികരും സാധാരണക്കാരുമായ എട്ട് പേരുമാണ് ഈ കാലയളവിൽ മരിച്ചത്. എന്നാൽ 216 പേർക്ക് പരുക്കേറ്റു. സെപ്റ്റംബർ 15 ന് ശേഷം ഡിസംബർ അഞ്ച് വരെയുളള കാലത്ത് 170 ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർ ഈ 80 ദിവസങ്ങൾക്കിടെ കൊല്ലപ്പെട്ടു.

മെഹബൂബ മുഫ്തി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങിയ ശേഷം സംസ്ഥാനത്ത് ഭീകര ഏറ്റുമുട്ടലുകളിൽ കാര്യമായ കുറവുണ്ടെന്ന് കണക്കുകൾ പറയുന്നു. ഗവർണർ ഭരണമാണ് ഇപ്പോൾ സംസ്ഥാനത്തുളളത്. സംസ്ഥാനത്ത് അസംബ്ലി തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താൻ ഗവർണർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബിജെപി ഇതര സർക്കാർ രൂപീകരിക്കാനുളള കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ ബിജെപിക്ക് എതിരെ രാഷ്ട്രീയ വാക്പോര് മുറുകിയിട്ടുണ്ട്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയാണ് പ്രധാനമന്ത്രി മോദിക്കെതിരെ ഏറ്റവും ഒടുവിൽ വിമർശനം ഉന്നയിച്ചത്.

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു വിമർശനം. അടല്‍ ബിഹാരി വാജ്പേയിയെ പോലെ സഹിഷ്ണുതയുളള വ്യക്തിയാവണമെന്ന ഉപദേശമാണ് ഫാറൂഖ് അബ്‌ദുളള മോദിക്ക് നൽകിയത്. ബിജെപിക്ക് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുളള അജണ്ടയാണെന്നും ഫറൂഖ് അബ്ദുളള കുറ്റപ്പെടുത്തി.

‘ജവഹര്‍ലാല്‍ നെഹ്റു ആദ്യമായി റെഡ്ഫോര്‍ട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ ഭിന്നിപ്പിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയേയും പാക്കിസ്ഥാനേയും വിഭജിച്ചു. ഭിന്നിപ്പിക്കുന്ന അജണ്ടയുമായി ബിജെപി മുന്നോട്ട് പോയാല്‍ രാജ്യം പലതായി ഭിന്നിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook