ന്യൂഡൽഹി: ഗുരുഗ്രാമിൽ കൂട്ടമലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി23കാരിയായ യുവതി രംഗത്ത്. ഓട്ടോറിക്ഷയിൽ വച്ച് അജ്ഞാതരായ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നും മൂന്ന് വയസ് പ്രായമുണ്ടായിരുന്ന മകളെ ഇവർ കൊന്നുവെന്നും യുവതി വെളിപ്പെടുത്തി. ഐഎംടി മനേസറിനടുത്തെ കുസ്‌ല വില്ലേജിലെ താമസക്കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്.

മെയ് 29 അർദ്ധരാത്രിയിലാണ് സംഭവം നടന്നതെന്ന് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഗുരുഗ്രാമിനടുത്ത പഴയ കണ്ട്സ റോഡിൽ വച്ചായിരുന്നു മൂന്ന് അജ്ഞാതർ ചേർന്ന് ആക്രമണം നടത്തിയത്. ഡൽഹി-ഗുരുഗ്രാം എക്സ്‌പ്രസ് പാതയോട് ചേർന്ന പ്രദേശമാണിത്.

ഭർത്താവുമായി പിണങ്ങിയതിനെ തുടർന്ന് കണ്ട്സ റോഡിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു താനെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

“ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ, വാഹനത്തിലുണ്ടായിരുന്നവർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് ചെറുക്കാൻ ശ്രമിച്ചപ്പോൾ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. നിലത്ത് വീണ കുഞ്ഞ് മരിച്ചുവെന്നും, പിന്നീട് മൂവരും ചേർന്ന് തന്നെ പീഡിപ്പിച്ചു”വെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്.

“വൈദ്യപരിശോധനയ്ക്ക് പോകാൻ സ്ത്രീ വിസമ്മതിച്ചതിനെ തുടർന്ന് നേരത്തേ പീഡനശ്രമത്തിനും കൊലപാതകത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കൂട്ടബലാത്സംഗം നടന്നതായാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്” എന്ന് ഗുരുഗ്രാമിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ