ന്യൂഡൽഹി: ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കി ബിഇസിഎ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ് ) കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യ-അമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രതിരോധ മേഖലയിൽ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതാണ് ബിഇസിഎ കരാർ. സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങൾ കരാറിന്റെ പരിധിയിൽ വരും. രഹസ്യവിവരങ്ങൾ കൈമാറുന്നതടക്കമുള്ള കാര്യങ്ങളിൽ ഇനി ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ഉണ്ടാകും.

ഇതോടൊപ്പം ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനും ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ഗാൽവാൻ താഴ്‍വരയിലെ സംഭവത്തെ ശക്തമായ ഭാഷയിലാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി വിമർശിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. സമാധാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

ബിഇസിഎ കരാറിൽ ഒപ്പുവച്ചത് നിർണായക നീക്കമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ഉപകരണങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook