ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 22 ഭീകരരെ കൊലപ്പെടുത്തിയതായി സൈന്യം. 50 ദിവസത്തിനുള്ളിലാണ് ഇത്രയും ഭീകരരെ സൈന്യം കൊന്നത്. 2010 നുശേഷം ആദ്യമായാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തുന്നത്. അതേസമയം, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 26 സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

കൊല്ലപ്പെട്ട സൈനികരിൽ ഒരു ഉന്നത ഉദ്യോഗസ്ഥനുമുണ്ട്. ഫെബ്രുവരി 14 ന് കുപ്‌വാര ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. മൂന്നു ഭീകരരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. അന്നേദിവസം തന്നെ ബന്ദിപോരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടിലിൽ മൂന്നു സൈനികർ മരിച്ചു. ഒരു ഭീകരനെയും കൊലപ്പെടുത്തി.

ഈ വർഷം ആദ്യം മുതൽ ഇതുവരെ ഏകദേശം അൻപതോളം സൈനിക നീക്കങ്ങളുണ്ടായി. ഇതിൽ 16 എണ്ണം വിജയകരമായി. ഈ നീക്കങ്ങളിലൂടെ 22 ഭീകരരെ കൊലപ്പെടുത്താനും മൂന്നു ഭീകരരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരർക്ക് സഹായികളായി പ്രവർത്തിക്കുന്ന നാൽപതിലധികം പേരെ ഈ കാലയളവിനുള്ളിൽ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ വർഷം ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ നൂറോളം യുവാക്കൾ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ