സിംഗപ്പൂര്‍ സിറ്റി: മൂന്ന് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശത്തിനായി സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂങ്ങുമായി കൂടിക്കാഴ്‌ച നടത്തി. നാന്യാംങ് ടെക്നോളജി യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച മോദി ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ റുപേ, നെറ്റ്‌സ് തുടങ്ങിയവയുടെ രാജ്യാന്തര ലോഞ്ചിങ്ങും സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തി. 21-ാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഉളളതാണെന്ന് ലോകത്തിന് മനസ്സിലായതായി മോദി പറഞ്ഞു.

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് സിംഗപ്പൂരില്‍ റുപേ കാര്‍ഡ് ഉപയോഗിക്കാമെന്ന് പരിപാടിയില്‍ ലീ സെന്‍ പറഞ്ഞു. ഛാങി വിമാനത്താവളത്തിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലുമായിരിക്കും ഇതിന് അവസരമുണ്ടാവുക. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറുകളില്‍ ഒപ്പുവച്ചു. നാവിക സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണ കരാറാണ് പ്രധാനപ്പെട്ടത്. ഇന്ത്യ- സിംഗപ്പൂര്‍ വാര്‍ഷിക നാവിക പരിശീലനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഇക്കൊല്ലമുണ്ടാവുമെന്നും പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ എയര്‍ സര്‍വീസ് കരാര്‍ ഉടന്‍ ഉണ്ടാക്കുമെന്ന് മോദി പറഞ്ഞു. പ്രധാനപ്പെട്ട കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യയെ ആത്മവിശ്വാസത്തോടെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ