ന്യൂഡൽഹി: ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (ഡിടിയു) വിദ്യാർഥിക്ക് വൻ തുക വാഗ്‌ദാനം ചെയ്ത് അമേരിക്കൻ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ യൂബർ. പ്രതിവർഷം 1.25 കോടി രൂപ വേതനം ലഭിക്കുന്ന ജോലിയാണ് അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ സിദ്ധാർഥിന് (21) യൂബർ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഓഫിസിൽ സോഫ്റ്റ്‌വെയർ എൻജിനീയറുടെ പോസ്റ്റാണ് സിദ്ധാർഥിന് നൽകിയിരിക്കുന്നത്.

71 ലക്ഷം രൂപയാണ് അടിസ്ഥാന ശന്പളം. മറ്റു അലവൻസുകളല്ലാം കൂടിയാണ് പ്രതിവർഷം 1.25 കോടി രൂപ ലഭിക്കുക. സ്വന്തമായൊരു സ്റ്റാർട്ടപ് എന്നത് തന്റെ ലക്ഷ്യമാണ്. ഇതിനു മുൻപായി യൂബറിൽ പോയി തന്റെ സാങ്കേതിക കഴിവുകളെ വളർത്താൻ ശ്രമിക്കുമെന്നും സിദ്ധാർഥ് പിടിഐയോട് പറഞ്ഞു.

പ്രതിവർഷം 1.27 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ജോലിയാണ് ഡിടിയുവിലെ വിദ്യാർഥിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിലെ ഏറ്റവും വലിയ വാഗ്‌ദാനം. 2015 ബാച്ചിലെ വിദ്യാർഥിയായ ചേതൻ കക്കറിനാണ് ഗൂഗിളിൽനിന്നും ഈ ഓഫർ ലഭിച്ചത്. ഇതിനുശേഷം ഏറ്റവും കൂടുതൽ തുക ഓഫർ ചെയ്തുള്ള ജോലി ലഭിക്കുന്നത് സിദ്ധാർഥിനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ