മുംബൈ: മുംബൈയിലെ വെസ്റ്റേൺ നേവൽ കമാൻഡിൽ സേവനമനുഷ്ഠിക്കുന്ന 21 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ കൊറോണ വൈറസ് ബാധിച്ചതായി അധികൃതർ അറിയിച്ചു. കപ്പലുകളിലും അന്തർവാഹിനികളിലും അണുബാധയുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഐ‌എൻ‌എസ് ആംഗ്രെയുടെ ഭാഗമായിരുന്നു നാവിക ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഏപ്രിൽ 7 ന് വൈറസ് ബാധിച്ച ഒരു നാവിക ഉദ്യോഗസ്ഥനുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. അദ്ദേഹത്തിൽ നിന്നാണ് മറ്റ് ഉദ്യോഗസ്ഥർക്ക് വൈറസ് പടർന്നത്. ഇവരെല്ലാം ഐ‌എൻ‌എസ് ആംഗ്രെയിലെ ഒരേ ബ്ലോക്കിലാണ് താമസിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Read More: കോവിഡ്-19: സമ്പൂർണ അടച്ചുപൂട്ടൽ രോഗവ്യാപനത്തെ പ്രതിരോധിച്ചെന്ന് കേന്ദ്രം

മുഴുവൻ ബ്ലോക്കും നിലവിൽ ക്വാറന്റൈനിലാണ്. നാവികസേനയിലെ ഉദ്യോഗസ്ഥർ നിലവിൽ നഗരത്തിലെ ഒരു നാവിക ആശുപത്രിയിൽ ചികിത്സയിലാണ്.

കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 480 ആയി. രോഗബാധിതരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 1991 പേർ രോഗം മാറി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർ കോവിഡ് ബാധിച്ച് മരിച്ചു.

മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 201 പേർ കോവിഡ് ബാധിച്ച് മരിച്ചു. 3,855 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.

സമ്പൂർണ അടച്ചുപൂട്ടൽ കാരണമാണ് രാജ്യത്ത് കോവിഡ്-19 നെ നല്ല രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചതെന്ന് കേന്ദ്രം പറയുന്നു. രണ്ടാം ഘട്ട അടച്ചുപൂട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ പ്രതികരണം. അടച്ചുപൂട്ടലിലൂടെ രോഗവ്യാപനത്തെ നല്ല രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചെന്ന് കേന്ദ്രം വിലയിരുത്തി. സാമൂഹിക അകലം പാലിക്കുന്നതാണ് കോവിഡിനെ ചെറുക്കാനുള്ള വഴിയെന്ന് കേന്ദ്രം നേരത്തെ വിലയിരുത്തിയിരുന്നു. മേയ് മൂന്നിനാണ് രണ്ടാം ഘട്ട അടച്ചുപൂട്ടൽ അവസാനിക്കേണ്ടത്. എന്നാൽ, ഏപ്രിൽ 20 മുതൽ ചില മേഖലകളിൽ ഇളവ് നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് കേന്ദ്രങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.

ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,177 ആയി. ആകെ രോഗബാധിതർ 22 ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,000 കടന്നു. ഇറ്റലിയിൽ 22,000 പേരും സ്‌പെയിനിൽ 19,000 പേരും കോവിഡ് ബാധിച്ച് മരിച്ചു.

Read in English: 21 Navy personnel in Mumbai test positive for coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook