ന്യഡൽഹി: ഉത്തർപ്രദേശിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് 24 തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിൽ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ലോക്ക്ഡൗണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണ്.
21 labourers dead and several injured after the truck they were travelling in, collided with another truck in Auraiya. The injured have been shifted to hospital. They were coming from Rajasthan. pic.twitter.com/8l0QcH93Su
— ANI UP (@ANINewsUP) May 16, 2020
കാൽനടയായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയും റോഡുകളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി അവർക്ക് പാർപ്പിടവും ഭക്ഷണവും നൽകാൻ കേന്ദ്രത്തോട് നിർദേശിക്കാൻ ജില്ലാ മജിട്രേറ്റ് കോടതികൾ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അലഖ് ആലോക് ശ്രീവാസ്തവ സമർപ്പിച്ച ഹർജി കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. രാജ്യത്തുടനീളമുള്ള അതിഥി തൊഴിലാളികളുടെ ചലനം നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നത് കോടതികൾക്ക് അസാധ്യമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
Read More: അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനോ പലായനം തടയാനോ ആകില്ല: സുപ്രീം കോടതി
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ സ്വന്തം വീടുകളിലെത്താൻ നൂറു കണക്കിന് കിലോമീറ്ററുകളാണ് കാൽനടയായി യാത്ര ചെയ്യുന്നത്.
മധ്യപ്രദേശിലേക്ക് മടങ്ങും വഴി റെയിൽവേ ട്രാക്കുകളിൽ ഉറങ്ങിക്കിടന്ന 16 കുടിയേറ്റ തൊഴിലാളികൾ, ചരക്കു തീവണ്ടി കയറിയിറങ്ങി കൊല്ലപ്പെട്ട സംഭവത്തിന് പുറകെയായിരുന്നു ശ്രീവാസ്തവ ഹർജി സമർപ്പിച്ചത്.