മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് മുംബൈയില്‍ 22 പേര് മരണപ്പെട്ടു.
തീവ്രമായ മഴയെ തുടർന്ന് മഹുലിലെ ന്യൂ ഭാരത് നഗറിൽ മതിൽ ഇടിഞ്ഞ് 17 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിഖ്രോലി ഈസ്റ്റില്‍ പഞ്ച്ഷീൽ ചൗളിലെ സൂര്യാ നഗറിൽ ഏതാനം വീടുകള്‍ തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. ഭണ്ഡൂപ്പിൽ മതിൽ തകർന്ന് ഒരാളും മരിച്ചിട്ടുണ്ട്.
“മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുന്നിന് കീഴിലായി നിർമിച്ച 20 ഓളം വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 15 പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടപ്പുണ്ട്,” വിഖ്രോലിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആര്.എഫ്) ഉദ്യോഗസ്ഥന് പറഞ്ഞു.

അര്‍ധരാത്രി മുതല്‍ ശക്തിയായി പെയ്യുന്ന മഴയില്‍ മുംബൈയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായത് മൂലം ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. മുംബൈയില്‍ നിലിവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അഞ്ച് കാലാവസ്ഥ കേന്ദ്രങ്ങള്‍ പുലര്‍ച്ചെ ഒന്ന് മുതല്‍ രണ്ട് വരെയുള്ള സമയങ്ങളില്‍ 100 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർല എൽ.ബി.എസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി.

പാളത്തില്‍ വെള്ളം കയറിയതിനാല്‍ സബ് അര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചതായി സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Also Read: മഴ അതിശക്തമാകും; കാസര്‍ഗോഡ് ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം