/indian-express-malayalam/media/media_files/uploads/2023/09/INDIA-1.jpg)
മുംബൈയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നു
മുംബൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ചുള്ള നിര്‍ണായക തീരുമാനങ്ങളിലേക്ക് കടന്ന് പ്രതിപക്ഷ ഐക്യമുന്നണിയായ ഇന്ത്യ. മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ 14 അംഗ ഏകോപന സമിതിയെ രൂപീകരിച്ചു.
കെ സി വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), എംകെ സ്റ്റാലിൻ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന യുബിടി), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (ടിഎംസി), രാഘവ് ഛദ്ദ (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലല്ലൻ സിംഗ് (ജെഡിയു), ഹേമന്ത് സോറൻ (ജെഎംഎം), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (എൻസി), മെഹബൂബ മുഫ്തി (പിഡിപി) എന്നിവരാണ് സമിതിയിലുള്ളത്. സിപിഎമ്മിന്റെ പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
യോഗത്തിന് ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ പ്രമുഖ നേതാക്കളെല്ലാം പ്രധാനമന്ത്രി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ഇന്ത്യ മുന്നണിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയും ചെയ്തു. വരും ദിവസങ്ങളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് നേതാക്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയും അദാനിയും അഴിമതിയുടെ കൂട്ടുകെട്ടാണെന്നാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഈ വേദിയിലിരിക്കുന്നവര്‍ രാജ്യത്തെ 60 ശതമാനം ജനങ്ങളേയും പ്രതിനിധീകരിക്കുന്നു. ഞങ്ങള്‍ ഒന്നിച്ച് മുന്നോട്ട് പോകുമ്പോള്‍ ബിജെപിക്ക് പരാജയപ്പെടുത്താനാകില്ല. ഇന്ത്യ മുന്നണി ബിജെപിയെ കീഴ്പ്പെടുത്തുമെന്ന് ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യം ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്നും ഇന്ത്യ മുന്നണി അതിന് അവസാനം കുറിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ പറഞ്ഞു. പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി മോദി സര്‍ക്കാരിന്റെ ചിഹ്നമായി മാറിക്കഴിഞ്ഞെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
ഇന്ത്യ മുന്നണിയെ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങളും പുറത്ത് നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. മുന്നണിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
സീറ്റ് വിഭജനം ഒരു വിഷയമല്ലെന്നും ആവശ്യമെങ്കില്‍ പിന്‍ സീറ്റിലിരിക്കാനും തയാറാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.