ന്യൂഡൽഹി: 2014 ജൂണ്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾക്കായി 2,021 കോടി രൂപ ചെലവഴിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് 2014 മുതൽ 2018 വരെയുള്ള മോദിയുടെ വിദേശയാത്രയുടെ വിവരങ്ങൾ പുറത്ത് വിട്ടത്.
മോദി സന്ദർശിച്ച 10 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശനിക്ഷേപം ഉണ്ടായതെന്നും വി.കെ സിങ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മോദിയുടെ യാത്രക്ക് ഉപയോഗിച്ച ചാർട്ടർ വിമാനങ്ങളുടെ അറ്റകുറ്റപണിക്കാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1,583.18 കോടിയാണ് വിമാനങ്ങളുടെ അറ്റകുറ്റപണിക്കായി ചെലവഴിച്ചത്. യാത്രകൾക്കായി 429.25 കോടിയും ഹോട്ട്ലൈൻ സേവനത്തിനായി 9.11 കോടിയും ചെലവാക്കി. ഇതെല്ലാം ചേർത്താണ് മോദിയുടെ വിദേശയാത്രക്ക് ചെലവായ തുക കണക്കാക്കിയത്.
48 വിദേശ യാത്രകളിലായി 55ല്‍ അധികം രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തി. ഇതില്‍ ചില രാജ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ പോയി. 2017-18, 2018-19 സമയങ്ങളിലെ ഹോട്ട്‍ലൈന്‍ സൗകര്യത്തിന് ചെലവായ തുക കേന്ദ്രം പുറത്തുവിട്ടില്ല.