ന്യൂഡൽഹി: ലോക ചരിത്രത്തിൽ ഏറെ സംഭവബഹുലമായ 2020 ന് ഇന്ന് അവസാനം. പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പുതുവർഷത്തെ വരവേറ്റു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. ഓസ്ട്രേലിയ, ജപ്പാൻ, നോർത്ത് സൗത്ത് കൊറിയകൾ, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും പുതുവര്‍ഷം എത്തി.

കോവിഡ് പ്രതിസന്ധിയാണ് 2020 ൽ ലോകത്തെ മുഴുവൻ നിശ്ചലമാക്കിയത്. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ കോവിഡിനൊപ്പം സാമ്പത്തിക പ്രതിസന്ധിയിലേക്കും തെന്നിവീണു. കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് വളരെ പതുക്കെ കരകയറാൻ ശ്രമിക്കുകയാണ് എല്ലാ രാജ്യങ്ങളും. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നടപടികളിലേക്ക് രാജ്യം കടന്നു. മാർച്ച് 25 മുതൽ രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ഏപ്രിൽ 14 വരെയായിരുന്നു ആദ്യത്തെ അടച്ചുപൂട്ടൽ. പിന്നീട് കോവിഡ് രൂക്ഷമായതോടെ ലോക്ക്ഡൗണ്‍ നീട്ടി. മേയ് വരെ നാല് തവണയാണ് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ നീട്ടികൊണ്ടുപോയത്. അതിനുശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തുടങ്ങി.

ഇന്ത്യയെ സംബന്ധിച്ചിടുത്തോളം കോവിഡ് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ആരോഗ്യരംഗത്ത് വലിയ വെല്ലുവിളി ഉയർന്നു എന്നതിനൊപ്പം സാമ്പത്തിക, സാമൂഹിക രംഗത്തും വലിയ തിരിച്ചടികൾ നേരിട്ടു. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. അതിഥി തൊഴിലാളികളുടെ അവസ്ഥ കൂടുതൽ ദയനീയമായി. രാജ്യത്തിന്റെ സാമ്പത്തിക നില വലിയ വെല്ലുവിളികൾ നേരിട്ടു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ 2021 ൽ സാധിക്കുമെന്നാണ് രാജ്യമൊട്ടാകെ പ്രതീക്ഷിക്കുന്നത്.

Read Also: കർഷക പ്രക്ഷോഭത്തിനു ഐക്യദാർഢ്യം; ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

കോവിഡ് പ്രതിസന്ധി അവസാനിക്കാത്തതിനാൽ കടുത്ത നിയന്ത്രണങ്ങളാണ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പുതുവത്സര ആഘോഷങ്ങൾക്ക് കേരളത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പുതുവർഷാഘോഷങ്ങളിലും കോവിഡ്-19 ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത പ്രതിരോധ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി. മാസ്ക് ധരിക്കുന്നതും സാംമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള നിയന്ത്രണങ്ങൾ ആഘോഷങ്ങൾക്ക് ബാധകമാണ്.

പുതുവർഷത്തലേന്നായ ഡിസംബർ 31ന് പൊതു പരിപാടികളൊന്നും സംഘടിപ്പിക്കാൻ അനുമതിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഡിസംബർ 31ന് രാത്രി 10മണിയോടെ എല്ലാ പുതുവർഷാഘോഷ പരിപാടികളും അവസാനിപ്പിക്കണമെന്നും  ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും സർക്കാർ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook