ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, ലോക്സഭ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മെയ് മാസത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പ്. എന്നാല്‍ തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സുനില്‍ അറോറ ലക്‌നൗവിലായിരുന്നു.

പുതിയ തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള തങ്ങളുടെ സ്വത്തു വിവരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനത്തില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്. ഫെബ്രുവരി 26ന് പാക്കിസ്ഥാന്റെ ബാലാകോട്ടിലെ ജെയ്‌ഷെ ഭീകര ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. തൊട്ടടുത്ത ദിവസം പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തി. പാക് വിമാനത്തെ തുരത്തുന്നതിനിടെ തകർന്നു വീണ വിമാനത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാൻ തടവിലാക്കുകയും ചെയ്തിരുന്നു. ഇന്ന് വാഗ അതിര്‍ത്തിയില്‍ വച്ച് അദ്ദേഹത്തെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook