വാഷിംഗ്ടണ്‍: 2018ല്‍ ലോകത്തെ പിടിച്ചു കുലുക്കുന്ന ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ശാസ്ത്രജ്ഞന്മാര്‍. ഭൂമിയുടെ പരിവര്‍ത്തന വേഗം മുമ്പെങ്ങും ഇല്ലാത്ത വിധം കുറഞ്ഞതിനാലാണ് ഭൂമികുലുക്കം ഉണ്ടാവാന്‍ കാരണമാവുക. ഭൂമിയുടെ പരിവര്‍ത്തനവും ഭൂകമ്പവും വിഷയമാക്കിയ പഠനം നടത്തിയ ശാസ്ത്രജ്ഞന്മാരാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

കൊളറാഡോ സര്‍വകാലാശാല, മൊണ്ടാന സര്‍വ്വകലാശാല എന്നിവിടങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ ഇതിന്റെ പഠന റിപ്പോര്‍ട്ട് അമേരിക്കയിലെ ഭൂമിശാസ്ത്ര വിഭാഗത്തിന്റെ വാര്‍ഷിക യോഗത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുമ്പോള്‍ ദിവസത്തിന്റെ നീളം ഒരു മില്ലി സെക്കന്റ് മാത്രമാണ് കൂടുക. അതേസമയം ഈ മാറ്റത്തിലൂടെ വലിയ രീതിയിലുളള ഊര്‍ജ്ജവും ഭൂമിക്ക് പുറംതളളാന്‍ കഴിയും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ റിക്ടര്‍ സ്കെയിലില്‍ ഏഴോ അതിന് മുകളിലോ രേഖപ്പെടുത്തിയ വന്‍ ഭൂകമ്പങ്ങള്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്.

1900 മുതലുളള കണക്കുകള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓരോ 32 വര്‍ഷം കൂടുന്തോറും വലിയ ഭൂമികുലുക്കങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 117 വര്‍ഷത്തിനുളളില്‍ നാലാമത്തെ തവണയാണ് ഈ വര്‍ഷം ഭൂമിയുടെ പരിവര്‍ത്തന വേഗത കുറയുന്നത്.
നിലവില്‍ വര്‍ഷത്തില്‍ ആറോളം വലിയ ഭൂകമ്പങ്ങളാണ് ഭൂമിയില്‍ ഉണ്ടായിട്ടുളളത്. എന്നാല്‍ 2018 ഓടെ വര്‍ഷത്തില്‍ 20 വന്‍ ഭൂകമ്പങ്ങളുണ്ടാകാനാണ് സാധ്യതയെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ