ന്യൂഡൽഹി: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ തിരഞ്ഞെടുക്കാൻ ടൈം മാസിക നടത്തിയ വോട്ടെടുപ്പിൽ ഒറ്റ വോട്ട് പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചില്ലെന്ന് റിപ്പോർട്ട്. 2017 ലെ ടൈം 100 റീഡർ പോളിലാണ് നരേന്ദ്ര മോദിക്ക് വായനക്കാർ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ഇടം നൽകാതിരുന്നത്.

എതൊക്കെ നേതാക്കൾ വേണം എന്ന ചോദ്യം ഉന്നയിച്ച തിരഞ്ഞെടുപ്പിൽ, വായനക്കാരോട് നേതാക്കളുടെ പേരിന് നേരെ യെസ് എന്ന് രേഖപ്പെടുത്താനായിരുന്നു നിർദ്ദേശിച്ചത്. ആകെ പോൾ ചെയ്തതിൽ അഞ്ച് ശതമാനം വോട്ട് നേടിയ ഫിലിപൈൻ പ്രസിഡന്റ് റോഡ്രിഗോ ദുതെർത്തെ ആണ് വോട്ടെടുപ്പിൽ ഒന്നാമതെത്തിയത്. ആരും വോട്ട് ചെയ്യാതിരുന്ന വ്യക്തികളുടെ പട്ടികയിൽ മോദിയെ കൂടാതെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക മേരി ട്രംപ്, സംഗീതജ്ഞരായ കന്യെ വെസ്റ്റ്, ജെന്നിഫർ ലോപസ് എന്നിവരുമുണ്ട്.

കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രോഡോ ആണ് ഫിലിപ്പീൻ പ്രസിഡന്റ് റോഡ്രിഗോ ദുതെർത്തെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്ന് ശതമാനം വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. പോപ് ഫ്രാൻസിസ് മാർപാപ്പ, ബിൽ ഗേറ്റ്‌സ്, മാർക് സുക്കർബർഗ് എന്നിവരും മൂന്ന് ശതമാനം വോട്ട് നേടിയവരുടെ പട്ടികയിലുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് ശതമാനം വോട്ട് ലഭിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, അഭിനേത്രി എമ്മ സ്റ്റോൺ, ഗായിക റിഹാന്ന എന്നിവരും രണ്ട് ശതമാനം വോട്ട് നേടി.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ബെർണി സാന്റേഴ്‌സ് ആണ് 2016 ൽ ഏറ്റവും കൂടുതൽ പിന്തുണ വായനക്കാരിൽ നിന്ന് നേടിയിരുന്നത്. 2015 ൽ ഈ നേട്ടം റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനായിരുന്നു.

ടൈം മാഗസിൻ എഡിറ്റർമാരാണ് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ അന്തിമപട്ടിക തയ്യാറാക്കുക. ഇതിന് വായനക്കാരുടെ വോട്ടും പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ