സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ രണ്ടു വർഷവും സാഹിത്യവുമായി നേരിട്ട് ബന്ധമില്ലാത്തവർക്ക് കൊടുക്കുക വഴി പുതിയ ഒരു കീഴ്‌വഴക്കത്തിന് ആണ് സ്വീഡിഷ് അക്കാദമി തുടക്കമിട്ടത്. കഴിഞ്ഞവർഷം സംഗീതകാരനായ ബോബ് ഡിലനും അതിന് മുന്നിലത്തെ വർഷം മാധ്യമ പ്രവർത്തകയായ സ്വെറ്റ്‌ലാന അലക്‌സേവിച്ചുമാണ് സാഹിത്യത്തിനുളള നൊബേൽ  നൽകി അക്കാദമി സാഹിത്യ ലോകത്തെ ഞെട്ടിച്ചത്. സാഹിത്യപ്രേമികളെയും വായനക്കാരെയും അമ്പരിപ്പിക്കുകയും ചിലർക്കെങ്കിലം അലോസരത്തിനും ഇടയാക്കിയ ഈ തീരുമാനം ചെറുതായ രീതിയിൽ അക്കാദമിയെ കഴിഞ്ഞ വർഷം തിരിച്ചടിക്കുകയും ചെയ്തിരുന്നു. സമ്മാനം സ്വീകരിക്കാൻ  പ്രധാനചടങ്ങിൽ  ബോബ് ഡിലൻ പങ്കെടുത്തിരുന്നില്ല. പരമ്പരാഗത രീതിയിലേക്ക് അക്കാദമി ഈ വർഷം തിരിച്ചു വരും എന്നു തന്നെയാണ് പ്രതീക്ഷ.

സാഹിത്യത്തിനുളള നൊബേൽ സമ്മാനം ലോകം മുഴുവൻ ഉറ്റുനോക്കുന്ന പ്രഖ്യാപനമാണ്. മറ്റ് സമ്മാനങ്ങളേക്കാൾ അത് പലപ്പോഴും ലോകത്തെ ചെറുതായെങ്കിലും ഗുണപരമായി ഞെട്ടിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണം. സാഹിത്യത്തിനുളള അവാർഡ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ സാഹിത്യകുതുകികൾ ആർക്കായിരിക്കും അവാർഡ് എന്ന് കണക്കു കൂട്ടുകയും കിഴിക്കുകയും ചെയ്യുന്നു. പലപ്പോഴും കണക്കൂകൾ തെറ്റിച്ചായിരിക്കും നൊബേൽ പ്രഖ്യാപനം വരിക.

ഇത്തവണ നൊബേൽ പ്രഖ്യാപിക്കാനൊരുങ്ങുന്നതിന് മുമ്പ് ഇതിനായി അനൗദ്യോഗിക ചർച്ചകളിൽ ഉയരുന്ന പേരുകൾ പ്രധാനമായും ഇവയാണ്. കെനിയയിലെ  ൻ’ഗൂഗിയുടെയും ജപ്പാനിലെ മുറാകാമിയുടെയും പേരുകൾ എപ്പോഴും  ഉയർന്നു കേൾക്കുന്നതാണ്. ഈ കൊല്ലവും ഇവർ രണ്ടു പേരെയും അവഗണിക്കാനാവില്ല. ആഫ്രിക്കയിൽ നിന്ന് തന്നെയുള്ള മിയ കൗട്ടോ ആണ് മറ്റൊരു പ്രമുഖൻ. 2015ലെ മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന കൗട്ടോ ആഫ്രിക്കയിലെ സാഹിത്യമണ്ഡലത്തിന് സൂക്ഷ്മഭേദം നല്കിയ എഴുത്തുകാരനാണ്. പോർച്ചുഗീസ് ഭാഷയിലെ പ്രതിഭാശാലിയായ എഴുത്തുകാരനായ മിയ കൗട്ടോ മൊസാംബിക്കിൽ ആണ് ജനിച്ചത്. സ്‌ലീപ്പ് വാക്കിങ് ലാൻഡ് (Sleepwalking Land) ആണ് അദ്ദേഹത്തിന്റെ പ്രധാന നോവൽ.

മനോരോഗ വിദഗ്ദ്ധൻ കൂടിയായ പോർച്ചുഗലിലെ വിശ്രുത നോവലിസ്റ്റ് അന്തോണിയോ ലോബോ അന്തുനിസ് (Antonio Lobo Antunes) അംഗോളയിലെ യുദ്ധത്തിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ പങ്കു വെച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഭീകര താണ്ഡവങ്ങളെ പരോക്ഷ പശ്ച്ചാത്തലമാക്കി കൊണ്ട് കൃതികൾ രചിച്ചിരുന്ന അന്തുനിസ് യുദ്ധത്തിന്റെ കിരാതവസ്ഥകളെ നിശീതമായി വിമർശിച്ചിരുന്നു. അന്തുനിസും നോബൽ സമ്മാനം അർഹിക്കുന്ന എഴുത്തുകാരൻ തന്നെയാണ്. A Book of Memories എഴുതിയ ഹംഗറിയിലെ പീറ്റർ നദാസ് , satantango എന്ന നോവലിന്റെ രചയിതാവ് ഹംഗറിയിലെ László Krasznahorkai. എന്നിവരും പ്രതീക്ഷാപട്ടികയിൽ ഉണ്ട്.

ചൈനയിലെ ലാൻ യിനാകേ (Lan Yianke) എന്ന നോവലിസ്റ്റാണ് മറ്റൊരു എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ദ് ഫോർ ബുക്സ് (The Four Books) എന്ന നോവലുകളുടെ പുസ്തകം ശ്രദ്ധേയമാണ്. സ്പെയിനിലെ ഹാവിയർ മറിയാസ് ആണ് മറ്റൊരാൾ. നോവലുകളിലൂടെ സർഗ്ഗാത്മകതയുടെ തീരങ്ങൾ താണ്ടിയ മരിയാസിന്റെ സാഹിത്യ സംഭാവനകൾക്കുള്ള സമ്മാനമായിട്ടായിരുന്നു കരിബിയൻ ദ്വീപ്‌ സമൂഹത്തിലെ ഒരു ചെറുരാജ്യമായ റെഡോണ്ടയിലെ (Redonda) രാജാവായി അദ്ദേഹത്തെ വാഴിച്ചത്. എന്തിനാണ് എഴുതുന്നതെന്ന സർവസാധാരണമായ ചോദ്യത്തിനുള്ള മറുപടിയായി ഫോക്ക്‌നെറിനെ ഉദ്ധരിച്ചു കൊണ്ട് ഇരുട്ടിലൊരു തീപ്പെട്ടിക്കൊള്ളി ഉരച്ചാൽ വെളിച്ചത്തെക്കാൾ കൂടുതൽ ചുറ്റുപാടുമുള്ള ഇരുട്ടിന്റെ ആഴം മനസ്സിലാക്കാനേ സാധിക്കൂ. അത് പോലെ അഭിമുഖീകരിക്കപ്പെടാതെ കിടക്കുന്ന അന്ധകാരത്തെ വ്യക്തമാക്കാനാണ് സാഹിത്യവും സഹായിക്കുക എന്നായിരുന്നു മരിയാസ് പറഞ്ഞത്.

നോർവെയിലെ നാടകകൃത്തും എഴുത്തുകാരനായ ജോൺ ഫോസ്, സോമാലിയയിലെ നുറൂദിൻ ഫറ തുടങ്ങിയവർക്കും സാധ്യത കൽപ്പിക്കുന്നവരുണ്ട്. ഏഷ്യയിൽ നിന്നും നൊബേൽ സമ്മാനം കിട്ടാൻ സാധ്യത ഉള്ള ഒരെഴുത്തുകാരനാണ് ഫിലിപ്പീൻസിലെ നോവലിസ്റ്റായ സിയോണിൽ ജോസ്. ആസ്ട്രേലിയയിലെ ജറാൾഡ് മുർനെൻ ആണ് മറ്റൊരു ‘കറുത്ത കുതിര’

‘ദ് ഗോളിസ് ആങ്‌സൈറ്റി അറ്റ് പെനാൽറ്റി കിക്ക്’ (The Goalie’s Anxiety at Penalty Kick), റിപ്പറ്റീഷൻ, എന്നീ നോവലുകളിലൂടെ പ്രശസ്തിയാർജ്ജിച്ച ഓസ്ട്രിയയിലെ പേറ്റർ  ഹൻകേ (Peter Handke), ശ്രീലങ്കയിൽ ജനിച്ച കാനഡക്കാരൻ മൈക്കൽ ഓൻജാതേ എന്നിവർക്കും സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മാർഗറ്റ് ആറ്റ്വുഡ് , അമേരിക്കയിലെ കഥാകൃത്ത് ലിഡിയ ഡേവിസ് തുടങ്ങിയവരെ തള്ളിക്കളയാനാവില്ല. കവികളാണെങ്കിൽ സിറിയയിലെ അഡോണിസ് മുതൽ പോളണ്ടിലെ ആദം സഗജാവസ്കിവരെയുള്ളവർക്ക് അർഹതയുളളവരാണെന്ന് സാഹിത്യ ലോകം കരുതുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ