ന്യൂഡൽഹി: കൂട്ടബലാത്സംഗക്കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കുന്നതിനെതിരെ അപ്പീൽ നൽകാൻ ചണ്ഡിഗഡ് ഭരണകൂടം നൽകിയ അപേക്ഷ നിരസിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി. പരാതിക്കാരിയുടെ ശരീരത്തിൽ പരുക്കുകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇത് ബലാത്സംഗമായി കണക്കാക്കാൻ സാധിക്കില്ലെന്നും, പരസ്പര ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായേ അനുമാനിക്കാനാകൂവെന്നും കോടതി പറഞ്ഞു. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

“ഈ കേസിലെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോകുകയോ ബലമായി പിടിച്ചുകൊണ്ടു പോകുകയോ ചെയ്തിട്ടില്ലെന്നാണ് കോടതിക്ക് മനസിലായത്. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ മുന്നോട്ടുവച്ച കഥ തീർത്തും അസംഭവ്യമാണ്.” വിചാരണക്കോടതി തീരുമാനം ശരിവെച്ചുകൊണ്ട് ജസ്റ്റിസുമാരായ ജസ്വന്ത് സിംഗ്, ലളിത് ബാത്ര എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചു.

“പരാതിക്കാരിയുടെ ശരീരത്തിൽ യാതൊരുവിധ പരുക്കുകളും കണ്ടെത്താൻ ഡോക്ടർക്ക് സാധിച്ചിട്ടില്ല. അതിനർത്ഥം അവർ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ്. പരാതിക്കാരി ബലാത്സംഗത്തിനിരയായി എന്ന് ബോധ്യപ്പെടുത്താൻ പാകത്തിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പരാതിക്കാരിയുടെ മൊഴി വിശ്വസനീയമല്ല. അതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ വെറുതെ വിടാൻ കോടതി തീരുമാനിക്കുന്നു,” ഡിവിഷൻ ബെഞ്ച് പറഞ്ഞു.

പോലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ പിതാവ് പറയുന്നത്, 2015 ഒക്ടോബർ 30 ന് രാത്രി മകൾ ഒരു ‘ജാഗ്രനിൽ’ പങ്കെടുക്കാൻ പോയെങ്കിലും പിറ്റേന്ന് രാവിലെ വരെ തിരിച്ചെത്തിയില്ലെന്നാണ്. അമിത്, സൂരജ്, കണ്ണു, വികാസ് എന്നീ നാല് ആൺകുട്ടികൾ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി എന്നാണ് ആരോപണം. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രണയ ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ തന്നെ കേസിൽ വ്യാജമായി പ്രതിചേർത്തതാണെന്ന് വിചാരണ വേളയിൽ അമിത് കോടതിയെ അറിയിച്ചു.

പ്രതികളെ 2017ൽ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് പെൺകുട്ടിയ്ക്ക് 18 വയസായിരുന്നു പ്രായം. അമിത് ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിനെതിരെ അപ്പീൽ നൽകാനുള്ള യുടി അഡ്മിനിസ്ട്രേഷന്റെ അപേക്ഷ 2018 ൽ ഹൈക്കോടതി തള്ളിയിരുന്നു.

ജാഗ്രൻ പോലെ അത്രയും ആളുകൾ കൂടുന്ന ഒരു ചടങ്ങിൽ നിന്നും എങ്ങനെയാണ് പ്രതികൾക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ സാധിക്കുക എന്ന്, അമിത്തിനെ കുറ്റവിമുക്തനാക്കാൻ അപ്പീൽ നൽകുന്നതിന് അവധി അനുവദിക്കണമെന്ന അഡ്മിനിസ്ട്രേഷന്റെ അപേക്ഷ നിരസിച്ച ഡിവിഷൻ ബെഞ്ച് പറഞ്ഞു.

“രാത്രി 11-12 മണിയോടെയാണ് ജാഗ്രൻ അവസാനിച്ചത്. പരാതിക്കാരിയായ പെൺകുട്ടി ഇത് അവസാനിക്കുന്നത് വരെ അവിടെ ഇരിക്കേണ്ടതായിരുന്നു. പ്രതികളായ നാലുപേർക്കിടയിലേക്ക് പെൺകുട്ടി എങ്ങനെയാണ് എത്തിയതെന്നും, അവർ എങ്ങനെയാണ് കത്തി ചൂണ്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും വ്യക്തമാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.”

“പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് കരയുകയോ ശബ്ദം വയ്ക്കുകയോ ചെയ്യാതിരുന്നത്. ലഹരി മരുന്ന് നൽകി പെൺകുട്ടിയുടെ ബോധംകെടുത്തിയിട്ടുണ്ടായിരുന്നില്ല. തന്നെ ആരെങ്കിലും ബലമായി തട്ടിക്കൊണ്ടു പോയി രണ്ടു ദിവസത്തേക്ക് ഒരു മുറിയിൽ പൂട്ടിയിട്ടാൽ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുമായിരുന്നു,” വിധിപ്രസ്താവത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook