ന്യൂഡല്‍ഹി: 2012 ലെ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ 22നു നടപ്പാക്കാന്‍ കഴിയില്ലെന്നു ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ദയാ ഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്.
മരണവാറന്റ് ചോദ്യം ചെയ്ത് പ്രതി മുകേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അകാലത്തിലുള്ളതാണെന്നു ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും ജസ്റ്റിസുമാരായ മന്‍മോഹന്‍, സംഗിത ധിംഗ്ര സെഗാള്‍ എന്നിവരുള്‍പ്പെട്ട ബഞ്ചിനെ അറിയിച്ചു. മരണവാറന്റ് നടപ്പാക്കാന്‍ ദയാഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ കാത്തിരിക്കേണ്ടിവരുമെന്നു ഡല്‍ഹി സര്‍ക്കാരും ജയില്‍ അധികൃതരും കോടതിയെ അറിയിച്ചു.
Read More: ഡൽഹി കൂട്ടബലാത്സംഗ കേസ്: പ്രതികളുടെ തിരുത്തൽ ഹർജി തള്ളി
മുകേഷ് സിങ്ങിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മരണവാറന്റ് പുറപ്പെടുവിച്ചശേഷം ദയാഹര്‍ജി സമര്‍പ്പിച്ച പ്രതികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചൂഷണം ചെയ്യുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രതികള്‍ക്കു 2013 സെപ്റ്റംബറിലാണു കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.
മരണ വാറന്റ് റദ്ദാക്കാനായി പ്രതി മുകേഷ് അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വധശിക്ഷ നടപ്പാക്കാനുള്ള വാറന്റും വാറന്റ് നടപ്പാക്കാന്‍ അധൃതകൃതര്‍ക്കു നിര്‍ദേശവും ഉള്‍പ്പെടുന്ന വിചാരണക്കോടതി ഉത്തരവ് മാറ്റിവയ്ക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിക്കുന്നതിനിടെ കുറ്റവാളിക്കു വധശിക്ഷ നല്‍കാന്‍ കഴിയില്ലെന്നാണു ഹര്‍ജിയില്‍ പറയുന്നത്.
വധശിക്ഷ റദ്ദാക്കാനയി വിനയ് ശര്‍മയും മുകേഷ് സിങ്ങും നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കു മുന്നില്‍ അവശേഷിക്കുന്ന ഒരേയൊരു നിയമപരമായ മാര്‍ഗമാണു ദയാഹര്‍ജി. കേസില്‍ വധശിക്ഷ സ്ഥിരീകരിക്കുന്ന മുന്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കുറ്റവാളി അക്ഷയ് സിങ് സമര്‍പ്പിച്ച പുനരവലോകന ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.