ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളിലൊരാളായ വിനയ് ശർമ സെല്ലിലെ ചുമരിൽ സ്വയം തലയിടിച്ച് പരുക്കേൽപ്പിച്ചു. തലയ്ക്കും കൈകയ്ക്കും ചെറിയ പരുക്കേറ്റ വിനയ് ശർമയ്ക്ക് ജയിലിൽ തന്നെ ചികിത്സ നൽകിയതായി തിഹാർ ജയിൽ ഡിജി സന്ദീപ് ഗോയൽ സ്ഥിരീകരിച്ചു.

ഈ ആഴ്ച ആദ്യം ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളിയിരുന്നു. താൻ മാനസിക രോഗിയാണെന്ന ശർമയുടെ വാദവും കോടതി നിരസിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ പ്രതി പൂർണമായും ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദയാഹർജി പരിഗണിക്കുന്ന സമയത്ത് ശർമയുടെ മെഡിക്കൽ റിപ്പോർട്ട് അടക്കം ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്കു മുൻപാകെ സമർപ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് ദയാഹർജി തളളിയതെന്ന് കോടതി വ്യക്തമാക്കി.

ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളായ പവൻ ഗുപ്ത (32), മുകേഷ് സിങ് (32), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ മാർച്ച് മൂന്നിന് രാവിലെ 6 മണിക്ക് തിഹാർ ജയിലിലാണ് തൂക്കിലേറ്റുക. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ രണ്ടു മരണ വാറന്റുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. കുറ്റവാളികളിൽ മൂന്നുപേർ എല്ലാ നിയമപരമായ വശങ്ങളും ഉപയോഗിച്ചുവെന്നും അവരിൽ ആരുടെയും അപ്പീൽ നിലവിലില്ലെന്നും തിഹാർ ജയിൽ അധികൃതർ വിചാരണ കോടതിയെ അറിയിച്ചതോടെയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്.

Read Also: കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസ് അപകടം: 19 മരണം, ഏറെയും മലയാളികൾ

2012 ഡിസംബർ 16 നാണ് സൗത്ത് ഡൽഹിയിൽ ഓടുന്ന ബസിൽവച്ച് 23 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ബലാത്സംഗത്തിനുശേഷം പ്രതികൾ പെൺകുട്ടിയെ ബസിൽനിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതര പരുക്കുകളോടെ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പെൺകുട്ടി മരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറുപേരായിരുന്നു കേസിലെ പ്രതികൾ. കേസിലെ മുഖ്യപ്രതി രാം സിങ് ജയിലിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 2015 ൽ പ്രായപൂർത്തിയാകാത്ത പ്രതി ജയിൽ മോചിതനായി. 20 വയസായപ്പോഴാണ് ഇയാൾ ജയിലിൽനിന്നും പുറത്തിറങ്ങുന്നത്. ജീവന് ഭീഷണിയുളള കാരണം ഇയാളെ അജ്ഞാതമായ സ്ഥലത്തേക്ക് അയയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook