മുംബൈ: 2008ലെ മാലെഗാവ് സ്ഫോടന കേസിൽ ഏഴ് പ്രതികള്‍ക്കെതിരേയും പ്രത്യേക എന്‍ഐഎ കോടതി തീവ്രവാദഗൂഢാലോചന കുറ്റം, കൊലക്കുറ്റം എന്നിവയടക്കം ചുമത്തി. സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍, വിരമിച്ച മേജര്‍ രമേശ് ഉപാധ്യയാ, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി. സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
ഭീകരവാദവിരുദ്ധ കുറ്റം ചുമത്തരുതെന്ന പ്രതികളുടെ ആവശ്യം കോടതി തളളി. എൻഐഎ കോടതി കുറ്റം ചുമത്തുന്നത് നീട്ടിവയ്ക്കാൻ നിർദ്ദേശിക്കണമെന്ന പ്രതി ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന്റെ അപേക്ഷ ബോംബെ കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. യുഎപിഎ നിയമം ചുമത്തിയതിന് എതിരെ നൽകിയ അപ്പീലിൽ തീർപ്പാകും വരെ കുറ്റംചുമത്തൽ നിർത്തിവയ്ക്കണമെന്നാണ് പുരോഹിത് ആവശ്യപ്പെട്ടത്. 10 വർഷം പഴക്കമുള്ള കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നേരത്തേ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും നിർദ്ദേശിച്ചത് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ്.എസ്.ഷിണ്ഡെ, എ.എസ്.ഗഡ്കരി എന്നിവരുടെ ബെഞ്ചാണ് തള്ളിയത്.
അതേസമയം, യുഎപിഎ നിയമം ചുമത്തിയത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി വാദം കേൾക്കും. നവംബർ 21ന് നിലപാട് അറിയിക്കാൻ കോടതി എൻഐഎക്ക് നിർദ്ദേശം നൽകി. സൈനികനെന്ന നിലക്ക് ചട്ടം പാലിച്ചല്ല യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് പുരോഹിത് നൽകിയ ഹർജി നേരത്തേ എൻഐഎ കോടതി തള്ളിയിരുന്നു.