മുംബൈ: 2008 ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യ സിങ് ഠാക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ഷുവർട്ടിയിലാണ് ജാമ്യം അനുവദിച്ചത്.

2008 സെപ്റ്റംബർ 29നാണ് മഹാരാഷ്ട്രയിലെ മാലേഗാവിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയാണ് സാധ്വി പ്രഗ്യ. ജാമ്യത്തിനായി 2016 ഓഗസ്റ്റിലാണ് ഹൈക്കോടതിയെ സമീപിച്ചത്. എൻഐ​എ കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് എൻഐഎ​, മാലേഗാവ് സ്ഫോടനത്തിൽ പ്രഗ്യ സിങിന്റെ പങ്ക് തെളിയിക്കാൻ തക്കവണ്ണമുളള തെളിവുകളിലെന്ന് കാണിച്ച് 2016 മെയിൽ കുറ്റപത്രം സമർപ്പിച്ചു.

ഉപാധികളോടെയാണ് സാധ്വിക്ക് ജാമ്യം അനുവദിച്ചിട്ടുളളത്. പാസ്പോർട്ട് എൻഐ​എ​ കോടതിയിൽ കെട്ടിവെയ്ക്കുക, തെളിവുകൾ അട്ടമറിക്കാൻ ശ്രമിക്കാതിരിക്കുക, ആവശ്യപ്പെടുമ്പോൾ എൻഐ​​എ​ കോടതിയിൽ ഹാജരാകുക എന്നിങ്ങനെയാണ് ഉപാധികൾ. ജാമ്യം നൽകുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എൻഐഎ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, മാലേഗാവ് സ്ഫോടനക്കേസിലെ മറ്റൊരു പ്രതിയായ ലഫ്റ്റനന്റ് കേണൽ​ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ കോടതി തളളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ