ന്യൂഡൽഹി: 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ആർ.കെ.അഗർവാൾ, എ.എം.സപ്രെ അടങ്ങിയ ബെഞ്ചാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒൻപതു വർഷമായി ജയിലിൽ കഴിയുകയായിരുന്നു പുരോഹിത്. ബോംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ഒമ്പത് വര്‍ഷമായി അദ്ദേഹം വിചാരണ തടവ് അനുഭവിക്കുകയാണെന്നും പുരോഹിതിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. മാലേഗാവ് സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അഭിനവ് ഭാരതിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തതായി പുരോഹിത് സമ്മതിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് ഒരു സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിൽ പുരോഹിത് ഉന്നത അധികാരികളെ അറിയിക്കുകയും ചെയ്തതായി സാൽവെ വാദിച്ചു.
2008 സെപ്റ്റംബർ 29 ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് സാധ്വി പ്രഗ്യ സിങ് ഠാക്കൂറിനെയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പ്രഗ്യയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.