ശ്രീനഗർ: ന്യൂഡൽഹിയിൽ 2005 ലുണ്ടായ ബോംബ് സ്ഫോടന കേസിൽ മുഹമ്മദ് ഹുസൈൻ ഫാസിലിയുടെ വെളിപ്പെടുത്തൽ. 2005 ൽ പിടിയിലായ ശേഷം റിമാന്റിൽ കഴിഞ്ഞ ആദ്യ 50 ദിവസങ്ങളിൽ പൊലീസ് മലം കഴിപ്പിച്ചതായും വെള്ള കടലാസിൽ ഒപ്പുവയ്പ്പിച്ചതായും മുഹമ്മദ് ഹുസൈൻ പാസിലി ശ്രീനഗറിൽ പറഞ്ഞു. പന്ത്രണ്ട് വർഷത്തെ ജയിൽ വാസത്തിന് ശേഷം ശ്രീനഗറിലെ വസതിയിൽ തിരിച്ചെത്തിയതായിരുന്നു ഇയാൾ.

കേസിൽ ഫാസിലിയെയും മുഹമ്മദ് റഫീഖ് ഷായെയും ഡൽഹിയിലെ കോടതി വെറുതെ വിട്ടിരുന്നു.  കുറ്റസസമ്മതത്തിനായി ഡൽഹി പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഇദ്ദേഹം പറഞ്ഞു.

” ആ ദിവസങ്ങളെ ഓർക്കുന്പോൾ ഇന്നും ഭയമാണ്. ആദ്യം വായിലേക്ക് മലം കുത്തിക്കയറ്റിയ ശേഷം റൊട്ടിയും തള്ളിവച്ചു. പിന്നീട് വെള്ളവും വായിലേക്ക് ഒഴിച്ചു. വിഴുങ്ങാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല ഞങ്ങൾക്ക്.” അദ്ദേഹം പറഞ്ഞു.

കോടതി റിമാന്റ് ചെയ്യും മുൻപ് തന്നെ പീഡനം ആരംഭിച്ചതായി ഫാസിലി പറഞ്ഞു. “അറസ്റ്റ് ചെയ്‌ത് ഡൽഹിയിൽ എത്തിച്ചപ്പോൾ ആദ്യം കൊണ്ടുപോയത് ലോധി കോളനിയിലെ പൊലീസ് സ്റ്റേഷനിലേക്കാണ്. ഒരു ബെഞ്ചിന് മുകളിൽ എന്നെ കിടത്തിയ ശേഷം കൈകൾ അതിനെ താഴേ കൂട്ടിക്കെട്ടി. രണ്ട് പൊലീസുകാർ എന്റെ കാലിന് മുകളിൽ നിന്നു. ഒരു പൊലീസുകാരൻ അടിവയറിന് മുകളിലാണ് നിന്നത്. മറ്റൊരാൾ വാ തുറന്നുപിടിച്ച് ഡിറ്റർജന്റ് കലക്കിയ വെള്ളം കുടിപ്പിച്ചു.” ശ്രീനഗറിൽ നെയ്‌ത്തുകാരനായിരുന്ന ഫാസിലി പറഞ്ഞു.

“കോടതിയിൽ ഇതേപറ്റി വല്ലതും പറഞ്ഞാൽ, ഇതിനേക്കാൾ കൂടുതൽ പീഡനം നേരിടേണ്ടി വരുമെന്ന് പൊലീസുദ്യോഗസ്ഥർ പറഞ്ഞു”വെന്ന് ഫാസിലി ഓർമ്മിച്ചു. 200 ലധികം വെള്ള കടലാസുകളിലാണ് ഫാസിലിയെ കൊണ്ട് പൊലീസ് ഒപ്പുവയ്പ്പിച്ചത്.

“ഞങ്ങൾ പ്രതികളല്ലെന്ന് അറിയാമെന്നും,​ എന്നാൽ പ്രതികളാക്കി അവതരിപ്പിക്കാൻ നൂറ് വഴികൾ അറിയാമെന്നും പോലീസുദ്യോഗസ്ഥർ പറഞ്ഞു. 50 ദിവസത്തെ ഈ ക്രൂരത അവസാനിച്ചത്, എന്നെ തിഹാർ ജയിലിലേക്ക് മാറ്റിയപ്പോഴാണ്. ഈ സമയത്ത്, തിഹാർ ജയിലിലെ ക്രിമിനലുകളിൽ നിന്ന് ഏത് സമയത്തും ഒരു ആക്രമണം ഉണ്ടാകുമെന്ന് ഭീതിയുണ്ടായിരുന്നു. ജയിലിൽ അങ്ങിനെയായിരുന്നു സ്ഥിതി. രണ്ട് കിലോമീറ്ററോളം ദൂരം ചൂല് കൊണ്ട് വൃത്തിയാക്കാനാണ് ആദ്യം അവരെന്നെ നിർബന്ധിച്ചത്. കേസ് വിസ്‌താരം തുടങ്ങിയതിൽ പിന്നെ എല്ലാം മാറി. വെറുതെ വിട്ടെന്ന് അറിഞ്ഞപ്പോൾ ജയിലിൽ മധുര വിതരണവും ഉണ്ടായിരുന്നു.”  ഫാസിലി കൂട്ടിച്ചേർത്തു.

പതിനൊന്ന് വർഷത്തിലേറെ തിഹാർ ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞ ഫാസിലിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിലെ കോടതി വെറുതെ വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ