ന്യൂഡൽഹി: 2005 ഡൽഹി സ്ഫോടന പരന്പരയിൽ രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. അറുപതു പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിലെ പ്രധാന പ്രതി താരിഖ് അഹമ്മദ് ദറിന് പത്തുവർഷത്തെ തടവ് ശിക്ഷ വിധിച്ചു.
പ്രതികളായ മുഹമ്മദ് റഫീക്ക് ഷാ, മുഹമ്മദ് ഹുസൈൻ ഫാസിലി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞെങ്കിലും ഇതിനകം തന്നെ ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനാലാണ് ഇവരെ വെറുതെ വിട്ടത്. ഭീകരവാദത്തിന് പണം നല്‍കി സഹായിച്ചത് ഇവരാണെന്നായിരുന്നു കണ്ടെത്തല്‍. മൂന്ന് വ്യത്യസ്ഥ കേസുകളായിരുന്നു ഡെല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
യു.എ.പി.എ(നിയമ വിരുദ്ധ പ്രവർത്തനം തടയുന്ന നിയമം) അനുസരിച്ചാണ് ദറിനെ ശിക്ഷിച്ചത്. ഗൂഡാലോചന, വധശ്രമം, കൊലപാതകം, ആയുധശേഖരണം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദറിനും മറ്റ് രണ്ട് പേർക്കും എതിരെ കേസെടുത്തിരുന്നത്. ദറിന് ലഷകർ ബന്ധമുണ്ടെന്നാണ് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്.
2005 ഒക്ടോബര്‍ 29നാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ഡല്‍ഹിയില്‍ രണ്ട് മാര്‍ക്കറ്റുകളിലായി മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. കൂടാതെ ഗോവിന്ദപുരിയില്‍ ഒരു ബസിനകത്തും സ്ഫോടനം നടന്നു.