അഹമ്മദാബാദ്: 2002 ലെ കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനും ഗുജറാത്ത് കോടതി ജാമ്യം നിഷേധിച്ചു.
വിരമിക്കുന്നതിനു രണ്ടു മണിക്കൂര്‍ മാത്രം ശേഷിക്കെയാണു അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി ഡി തക്കര്‍ ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടു വിധി പ്രസ്താവിച്ചത്. നാലുതവണ മാറ്റിവച്ചശേഷമാണു ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചത്. വിധിപ്രസ്താവത്തിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിറ്റേദിവസം ജൂൺ 25നാണു ടീസ്റ്റയെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതത്. 16 വർഷമായി തുടരുന്ന വിവാദത്തിന് ഉത്തരവാദികളായവർ നിയമത്തിന് അനുസൃതമായി മുന്നോട്ടുപോകണമെന്ന സുപ്രീം കോടതി പരാമർശത്തെത്തുടർന്നായിരുന്നു അറസ്റ്റ്.
പൊലീസ് ഉദ്യോഗസ്ഥന്‍ ഡി ബി ബരാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാറിനെതിരെ ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടും പ്രതിയാണ്. ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗുജറാത്ത് കലാപം സംബന്ധിച്ച് ടീസ്റ്റ പൊലീസിന് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ കൈമാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റുണ്ടായത്. ഗുജറാത്തിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഘം ടീസ്റ്റയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് അവരെ കസ്റ്റഡിയിലെടുത്തത്.
ആര്‍ ബി ശ്രീകുമാറിനെ ഗാന്ധിനഗറിലെ വീട്ടില്‍നിന്ന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് സംഘമാണു കസ്റ്റഡിയിലെടുത്തത്. 2002ലെ ഗുജറാത്ത് കലാപത്തിൽ പോലീസിനെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അന്നത്തെ സർക്കാർ തടഞ്ഞുവെന്ന് ശ്രീകുമാർ ആരോപിച്ചിരുന്നു.