ഗുജറാത്ത്: 2002 ലെ ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുളളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സാകിയ ജാഫ്രി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തളളി. സംഭവത്തിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി തളളിയത്. കേസിൽ വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പൂർണമായും ശരിവയ്ക്കുന്നുവെന്നും ജസ്റ്റിസ് സോണിയ ഗൊകാനി വ്യക്തമാക്കി.

2014 ലായിരുന്നു സാകിയ ജാഫ്രി ഹർജി സമർപ്പിച്ചത്. 2002 ൽ കലാപം നടക്കുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. കലാപത്തിൽ മോദിയടക്കം 61 പേർക്ക് കൂട്ടക്കൊലയുടെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം ഈ വാദം പൂർണമായും തളളിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെതിരെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് സാകിയ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചത്.

കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് അഹ്‌സാൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. 2002 ൽ ഗുജറാത്തിലെ ഗുൽബർഗയിൽ നടന്ന കൂട്ടക്കൊലയിൽ 69 പേരാണ് കൊല്ലപ്പെട്ടത്. 31 പേരെ കാണാതായിരുന്നു. രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്ന് 14 വർഷത്തിനുശേഷം പ്രത്യേക കോടതി 11 പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ