അഹമ്മദാബാദ്: നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സെപ്റ്റംബര്‍ 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്നാനിയുടെ അഭിഭാഷകന് നല്കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത് ഷായെ വിസ്തരിക്കുന്നതിന് കോട്നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ് കോട്നാനി കോടതിയെ അറിയിച്ചത്.
കൂട്ടക്കൊലകേസില്‍ 28 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട കോട്നാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയത്. നരോദപാട്യയില്‍ 95 പേരുടെ കൂട്ടക്കൊലക്ക് മായ കോട്നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്.
ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട നരോദപാട്യ കൂട്ടക്കൊലയില്‍ മുഖ്യ ആസൂത്രകയാണ് മായാ കോട്നാനി. 30 പുരുഷന്മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാപാട്യയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 28 വര്‍ഷത്തേക്കാണ് ഇവരെ കോടതി ശിക്ഷിച്ചത്.