ന്യൂഡൽഹി: ഗുജറാത്തിലെ സർദാർപുരയിൽ 2002 ൽ 33 പേരെ ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന പതിനേഴു പ്രതികൾക്കും സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഗുജറാത്തിൽ പ്രവേശിക്കരുത്,  മധ്യപ്രദേശിലേക്ക് താമസം മാറണം, സാമൂഹ്യ പ്രവർത്തനം നടത്തണം എന്നീ ഉപാധികളോടെയാണു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ബിആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ച്  ജാമ്യം അനുവദിച്ചത്.

സർദാർപുര കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട പ്രതികൾ, ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയിരുന്നു.

Read More: ശബരിമല: വാദത്തിന് പത്തു ദിവസം, കൂടുതൽ സമയം നൽകില്ലെന്ന് സുപ്രീം കോടതി

പ്രതികളെ രണ്ട് സംഘങ്ങളായി കോടതി വിഭജിച്ചു. ഒരു സംഘത്തോട് ഇൻഡോറിലേക്കും ശേഷിക്കുന്നവരോട് ജബൽപൂരിലേക്കും താമസം മാറ്റാൻ ഉത്തരവിട്ടു. എല്ലാ ആഴ്ചയും പ്രാദേശിക പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം ആഴ്ചയിൽ ആറ് മണിക്കൂർ സാമൂഹ്യ സേവനങ്ങൾ ചെയ്യുകയും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണമെന്ന് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ പറഞ്ഞു.

പ്രതികൾ ജാമ്യ വ്യവസ്ഥകൾ ജാഗ്രതയോടെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി ഇൻഡോറിലെയും ജബൽപൂരിലെയും ജില്ലാ നിയമ സേവന അതോറിറ്റികൾക്ക് നിർദേശം നൽകി. കുറ്റവാളികൾക്ക് ഉപജീവനമാർഗത്തിനായി അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ സഹായിക്കാനും കോടതി ഡിഎൽഎസ്എയ്ക്ക് നിർദേശം നൽകി.

2002ലെ ഗോധ്ര കലാപത്തിനു ശേഷമുള്ള ഒമ്പത് കേസുകളിൽ ആദ്യത്തേതാണ് സർദാർപുര കൂട്ടക്കൊല. കേസിൽ നേരത്തെ ഗുജറാത്ത് ഹൈക്കോടതി 14 പേരെ കുറ്റവിമുക്തരാക്കുകയും 17 പേരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസ് കത്തിക്കുകയും കർസേവകരുൾപ്പെടെ 59 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെ സർദാർപുരയിലെ മുസ്ലീം ജനസംഖ്യയുള്ള കൂടുതലുള്ള പ്രദേശമായ ഷെയ്ഖ് വാസിന് സമീപം ഒരു കൂട്ടം ആളുകൾ സംഘടിക്കുകയും ഇരകൾ അഭയം തേടിയ ഇബ്രാഹിം ഷെയ്ക്കിന്റെ വീടിന് തീവയ്ക്കുകയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook