അഹമ്മദാബാദ്: 2002 ലെ കലാപവുമായി ബന്ധപ്പെട്ടു തെളിവുകള്‍ കെട്ടിച്ചമച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. നവംബര്‍ 15 വരെയാണു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സ്ഥിരം ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനു കോടതി അനുമതി നല്‍കി.
ശ്രീകുമാറിനെതിരെ സെപ്റ്റംബര്‍ 20നു സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു മുന്‍പാണു ജാമ്യാപേക്ഷയുമായി ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നുള്ള മാറിയ സാഹചര്യത്തില്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിര്‍ദേശം സ്വീകരിക്കാമെന്നു ശ്രീകുമാറിന്റെ അഭിഭാഷകന്‍ യോഗേഷ് രാവണിയോട് കോടതി പറഞ്ഞു.
ഇടക്കാല സംരക്ഷണം വേണമെന്നും പുതിയ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ശ്രീകുമാറിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് ഇലേഷ് വോറ നവംബര്‍ 15 ലേക്കു മാറ്റി. ടീസ്റ്റയ്ക്കു സുപ്രീം കോടതി സെപ്റ്റംബര്‍ രണ്ടിനു ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.
ഉചിതമായ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ടീസ്റ്റയുടെ അഭിഭാഷകര്‍ക്കു കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നു ടീസ്റ്റയുടെ അഭിഭാഷകരായ മിഹിര്‍ താക്കൂര്‍, മിഹിര്‍ ദേശായി, അഭിഭാഷകന്‍ എസ് എം വത്സ എന്നിവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ടീസ്റ്റയെയും ആര്‍ ബി ശ്രീകുമാറിനെയും ജൂണ്‍ 25നാണു ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2002ലെ കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡി സി ബി) യൂണിറ്റിന്റെ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണു ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കും അഹമ്മദാബാദ് സെഷന്‍സ് കോടതി ജൂലൈ 30നു ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നു ടീസ്റ്റ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു.