അഹമദാബാദ്: 2002 ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി നാനാവതി കമ്മിഷൻ. കലാപത്തിൽ, അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുന്ന കമ്മിഷൻ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തുവച്ചു.

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കോ അന്നത്തെ  ഗുജറാത്ത് മന്ത്രിസഭാംഗങ്ങൾക്കോ കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും കലാപത്തിനായി മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്നും നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 ലെ കലാപത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. ഒൻപത് ഭാഗങ്ങളിലായി 1,500 പേജുകളാണ് റിപ്പോർട്ടിനുള്ളത്.

Read Also: പൗരത്വ ഭേദഗതി ബിൽ: പ്രതിപക്ഷത്തിന് പാക്കിസ്ഥാന്റെ സ്വരമെന്ന് നരേന്ദ്ര മോദി

നാനാവതി കമ്മീഷൻ റിപ്പോർട്ട് 2014 ൽ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിന് സമർപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതു തടഞ്ഞുവയ്‌ക്കുകയായിരുന്നു. സാഹചര്യത്തിനനുസരിച്ച് ഗുജറാത്ത് പൊലീസ് പ്രവർത്തിച്ചില്ലെന്ന വിമർശനം നാനാവതി റിപ്പോർട്ടിലുണ്ട്.

മുൻ ഐപിഎസ് ഓഫീസർമാരായ ആർ.ബി.ശ്രീകുമാർ, രാഹുൽ ശർമ, സഞ്ജീവ് ഭട്ട് എന്നിവരുടെ സാക്ഷിമൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവരാണ് അന്നത്തെ മോദി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇവർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൽ ഗുജറാത്തിലെ ബിജെപി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഗോധ്ര സ്റ്റേഷനടുത്ത് വച്ച് സബർമതി എക്‌സ്‌പ്രസിൽ അയോധ്യയിൽ നിന്ന് തിരികെ വരികയായിരുന്ന 59 കർസേവകർ സഞ്ചരിച്ച കോച്ചിന് നേരെ ആക്രമണമുണ്ടാവുകയും അവർ വെന്തുമരിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് 2002 ൽ കലാപം ഉണ്ടാകുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook