ലഖ്നൗ: 2000ലെ സബർമതി എക്സിപ്രസ് കേസിലെ പ്രതിയും അലിഗഡ് സർവകലാശാല മുൻ ഗവേഷണ വിദ്യാർത്ഥിയുമായ ഗുൽസാർ അഹ്മദ് വാനി നിരപരാധിയെന്ന് കോടതി. 16 വർഷത്തെ വിചാരണ തടവിന് ശേഷമാണ് ഹിസ്ബുൽ മുജാഹിദ്ദീൻ ബന്ധമാരോപിച്ച് അറസ്റ്റിലായ അഹ്മദ് വാനിയെ വെറുതെ വിടുന്നത്. മറ്റൊരു പ്രതിയായ മോബിനേയും കോടതി വെറുതെ വിട്ടു.

ഗുൽസാർ അഹ്മദ് വാനി പ്രതിയാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിധിയെന്ന് വാനിയുടെ അഭിഭാഷകന്‍ പറഞ്ഞു. ബരാബങ്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.എ ഖാനാണ് കേസ് പരിഗണിച്ചത്.

2000ലെ സ്വാതന്ത്ര്യ ദിനത്തിന്റെ തലെ ദിവസമാണ് മുസാഫര്‍പൂറില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന സബര്‍മതി എക്സ്പ്രസ് സ്ഫോടനത്തിനിരയായത്. സ്ഫോടനത്തില്‍ ഒൻപത് പേര്‍ മരിച്ചിരുന്നു. നിരവധി ഭീകരാക്രമണക്കേസില്‍ പങ്കാളിയായെന്ന് ആരോപിച്ചാണ് 2001 ജൂലൈയില്‍ ശ്രീനഗര്‍ സ്വദേശിയായ ഗുല്‍സാര്‍ അഹ്മദ് വാനിയെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്.

സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനം അടക്കം 11 സ്‌ഫോടനക്കേസുകളാണ് യു. പി, ഡല്‍ഹി പോലിസ് ഗുല്‍സാര്‍ അഹ്മദിന് മേല്‍ കെട്ടിവച്ചത്. ഇതില്‍ സബര്‍മതി എക്‌സ്പ്രസ് കേസ് ഒഴികെ പത്തെണ്ണത്തിലും ഗുല്‍സാര്‍ കുറ്റവാളിയല്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഈ കേസുകളില്ലെല്ലാം വാനിയോടൊപ്പം കുറ്റാരോപിതരായവര്‍ക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ 16 വര്‍ഷത്തോളമായി ഗുല്‍സാര്‍ അഹമ്മദ് വാനിക്ക് മാത്രം ജാമ്യം ലഭിച്ചില്ല. സബര്‍മതി എക്‌സ്പ്രസ് കേസിന്റെ വിചാരണ ഇഴഞ്ഞു നീങ്ങുന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook