ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കിടെ, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കാൻ വോട്ടർ പട്ടിക പരസ്യമാക്കണമെന്ന ആവശ്യവുമായി മൂന്നു പാർട്ടി നേതാക്കൾ രംഗത്തെത്തി. 2000 ലേതിനെ അനുസ്മരിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് പാർട്ടിക്കകത്ത് ഇപ്പോൾ നടക്കുന്നത്. അന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത തർക്കവിഷയമായിരുന്നു.
2000-ൽ, അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നപ്പോൾ, പ്രസാദ ക്യാമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളുടെ പട്ടികയിൽ കൃത്രിമം നടന്നതായി ആരോപണം ഉയർന്നു. വോട്ടർപട്ടികയിൽ വ്യാജ പേരുകളുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചിരുന്നു. അതേ ആരോപണങ്ങൾ പാർട്ടിയെ വീണ്ടും വേട്ടയാടുകയാണ്.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ നേതൃത്വത്തിനെതിരെ ചോദ്യവുമായി മനീഷ് തിവാരി രംഗത്തെത്തിയിരുന്നു. ‘വോട്ടർ പട്ടികയില്ലാതെ എങ്ങനെ നീതിപൂർവകവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയും? തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കിൽ വോട്ടർമാരുടെ പേരും വിലാസവും കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം’, ലോക്സഭാ എംപിയും ജി 23 കൂട്ടായ്മയിലെ നേതാവുമായ മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് ഷെഡ്യൂൾ അംഗീകരിച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ പങ്കെടുത്ത ജി-23 നേതാവ് ആനന്ദ് ശർമ്മ ഇതേ വിഷയം ഉന്നയിച്ചതിന് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. ഏകദേശം 9,000 പിസിസി പ്രതിനിധികളിൽ വ്യക്തതയില്ലെന്ന് ശർമ്മ വാദിച്ചിരുന്നു.
വോട്ടർ പട്ടിക പരസ്യപ്പെടുത്താൻ കഴിയില്ലെന്നാണ് ചൊവ്വാഴ്ച ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, പാർട്ടിയുടെ സിഇഎ ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞത്. ”വോട്ടർ പട്ടിക പിസിസിയുടെ പക്കലുണ്ട്. അത് കാണാൻ ആഗ്രഹിക്കുന്നവർക്ക് പിസിസിയുമായി ബന്ധപ്പെടാം. രണ്ടാമതായി, നോമിനേഷൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങൾ അവസരം നൽകും. അത് പൊതുജനങ്ങൾക്കുള്ളതല്ല. ഇതൊരു സംഘടനാ തിരഞ്ഞെടുപ്പാണ്, ഞങ്ങളുടെ അംഗങ്ങൾക്ക് അത് കാണാം. അത് നമ്മുടെ സ്വത്താണ്,” അദ്ദേഹം പറഞ്ഞു.
28 പിസിസികളിലേക്കും എട്ട് പ്രദേശിക കോൺഗ്രസ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് തിവാരി പറഞ്ഞിരുന്നു. ”വോട്ടർമാർ ആരാണെന്ന് അറിയാൻ രാജ്യത്തെ എല്ലാ പിസിസി ഓഫീസുകളിലും ഒരാൾ എന്തിന് പോകണം?. ഇതൊരു ക്ലബ് തിരഞ്ഞെടുപ്പിൽ (പോലും) സംഭവിക്കുന്നില്ല. നീതിയുടെയും സുതാര്യതയുടെയും താൽപര്യം കണക്കിലെടുത്ത്, മുഴുവൻ വോട്ടർമാരുടെ പട്ടികയും കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
മുൻ ലോക്സഭാ എംപി കാർത്തി ചിദംബരത്തിൽനിന്നും തിവാരിക്ക് പിന്തുണ ലഭിച്ചിരുന്നു. ”എല്ലാ തിരഞ്ഞെടുപ്പുകൾക്കും വ്യക്തമായ വോട്ടർ പട്ടിക ആവശ്യമാണ്. വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ വ്യക്തവും നന്നായി നിർവചിക്കപ്പെട്ടതും സുതാര്യവുമായിരിക്കണം,” കാർത്തി പറഞ്ഞു.
മണിക്കൂറുകൾക്കുശേഷം ജി-23 നേതാവായ ശശി തരൂരും തിവാരിയെ പിന്തുണച്ച് എത്തി. ”വോട്ടർ പട്ടികയിൽ സുതാര്യത വേണം. അതാണ് മനീഷ് ആവശ്യപ്പെട്ടതെങ്കിൽ, എല്ലാവരും അംഗീകരിക്കുന്ന ഒരു തത്വമാണിതെന്ന് എനിക്ക് ഉറപ്പുണ്ട്. ആർക്കൊക്കെ നോമിനേറ്റ് ചെയ്യാം, ആർക്കൊക്കെ വോട്ട് ചെയ്യാം എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. അതിൽ തെറ്റൊന്നുമില്ല,” തരൂർ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വോട്ടർ പട്ടികയെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചത്. സംഘടനാ തിരഞ്ഞെടുപ്പിനെ “പ്രഹസനം” എന്നാണ് അദ്ദേഹം വിളിച്ചത്. ഡൽഹിയിൽ ഇരിക്കുന്ന ചില നേതാക്കളാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിലെ സ്ഥിതിഗതികൾ മോശമായെന്നും പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ ഇപ്പോൾ പ്രോക്സികളെ പ്രേരിപ്പിക്കുകയാണെന്നും ആസാദ് രാജിക്കത്തിൽ ആരോപിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നേതാവ് ഒരു ‘പാവ’ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.