ന്യൂഡൽഹി: കസ്റ്റംസ് നികുതി 5 ശതമാനത്തിൽ നിന്ന് 200 ശതമാനമാക്കി ഉയർത്തിയതിനെ തുടർന്ന് പാക്കിസ്ഥാനിൽ നിന്നുളള ഇറക്കുമതി ഉൽപ്പന്നങ്ങൾ വാഗാ അതിർത്തിയിൽ കെട്ടിക്കിടക്കുന്നു. 200 ഓളം ട്രക്ക് സാധനങ്ങളാണ് വാഗാ അതിർത്തിയിൽ കെട്ടിക്കിടക്കുന്നത്.

ഫെബ്രുവരി 14 ന് പുൽവാമയിൽ സിആർപിഎഫ് ജവാന്മാരായ 40 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തീരുവ കൂട്ടിയത്. ഫെബ്രുവരി 16 ന് ശേഷം ഒറ്റ ട്രക്ക് പോലും അതിർത്തി കടന്നിട്ടില്ല. സിമന്റ്, ജിപ്സം, ഗ്രാനൈറ്റ്, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് കെട്ടിക്കിടക്കുന്നത്. ഉയർന്ന നികുതി നൽകാൻ ഡ്രൈവർമാർ തയ്യാറല്ല.

അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളും ഈ വഴിയിൽ കൂടിയാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവയ്ക്ക് തടസങ്ങളില്ല. ഒന്നോ രണ്ടോ ദിവസങ്ങൾക്കുളളിൽ ട്രക്കുകൾ തിരികെ പോകുമെന്നാണ് വിവരം.

പാക്കിസ്ഥാനിൽ നിന്നുളള സിമന്റിന് ചാക്കിന് 200 രൂപയാണ് വില. നികുതി ഉയർത്തിയതോടെ ഈ വില 700 ആകും. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ