ന്യൂഡൽഹി: യുഎസിൽ 200 ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഹൂസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥികളാണ് സർവകലാശാലയിലെ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നത്. സർവകലാശാലയ്ക്കു ചുറ്റും വെളളം നിറഞ്ഞിരിക്കുകയാണ്. കുട്ടികൾക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്ക് ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുപം റായ് നേതൃത്വം നൽകുന്നുണ്ട്. അദ്ദേഹവുമായി നിരന്തരം ബന്ധപ്പടുന്നുണ്ട്. ശാലിനി, നിഖിൽ ഭാട്ടിയ എന്നീ രണ്ടു ഇന്ത്യൻ വിദ്യാർഥികളെ ഐസിയുവിൽ പ്രവേശിപ്പിച്ചതായും സുഷമ ട്വീറ്റ് ചെയ്തിട്ടുണ്ട്.
@CGHoust has informed me that 200 Indian students at University of Houston are marooned. They are surrounded by neck deep water. /1
— Sushma Swaraj (@SushmaSwaraj) August 28, 2017
We made efforts for delivery of food but US Coast Guard did not allow as boats were required for rescue operations. /2
— Sushma Swaraj (@SushmaSwaraj) August 28, 2017
Mr. Anupam Ray our CG Houston is organising the rescue operations. /3
— Sushma Swaraj (@SushmaSwaraj) August 28, 2017
യുഎസിൽ വൻ നാശമാണ് ഹാർവി ചുഴലിക്കാറ്റ് വിതച്ചത്. ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. കനത്ത മഴ തുടരുന്നത് വലിയ വെള്ളപ്പൊക്കമുണ്ടാക്കിയേക്കാമെന്ന ഭീതിയിലാണ് അധികൃതര്‍. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് യുഎസ് കാലാവസ്ഥാ വിഭാഗം നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്സസിലെത്തിയത്. ചുഴലിക്കാറ്റില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. പതിനായിരങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ടെക്സസ് നഗരത്തില്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞതായാണ് വിവരം. മുൻപ് 2005ലാണ് യുഎസിൽ ഇത്രയും കനത്ത ചുഴലിക്കാറ്റ് വീശിയിട്ടുള്ളത്.