ന്യൂഡൽഹി: ഡൽഹിയിൽ 20 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വീടിന്റെ നാലാംനിലയിൽ നിന്നും എടുത്തെറിഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനും 22 കാരനുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കാമുകനൊപ്പം പുറത്തുപോയതായിരുന്നു പെൺകുട്ടി. തിരികെ വീട്ടിൽ കാറിൽ കൊണ്ടു പോയി വിടാമെന്നു പെൺകുട്ടിയോട് യുവാവ് പറഞ്ഞു. കാർ തന്റെ വീട്ടിലാണെന്നും അവിടെ പോയശേഷം ഒരുമിച്ച് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാമെന്നും പറഞ്ഞു. ഇരുവരും ഓട്ടോയിൽ രാമവിഹാറിലെ യുവാവിന്റെ വീട്ടിലേക്കു പോയി. കുറച്ചുകഴിഞ്ഞപ്പോൾ ഒരു പെൺകുട്ടിയെ വീടിന്റെ നാലാംനിലയിൽനിന്ന് താഴേക്ക് എടുത്തെറിഞ്ഞശേഷം യുവാവ് ഓടിപ്പോകുന്നത് ആൾക്കാർ കണ്ടു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം പെൺകുട്ടിയെ നാലാംനിലയിൽനിന്നും താഴേക്ക് എടുത്തെറിഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ