ന്യൂഡൽഹി: വിമാനത്തിനുള്ളിൽവച്ച് സഹയാത്രികനുമേൽ മൂത്രമൊഴിച്ച ഇരുപതുകാരനെ കസ്റ്റഡിയിലെടുത്തു. ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവം. യുഎസിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ആര്യ വോഹ്‌റയാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെവിദ്യാർഥിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലാണ് വിദ്യാർഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
യുഎസ്എയിലെ ഒരു വിദ്യാർത്ഥിയും ഡൽഹി ഡിഫൻസ് കോളനിയിലെ നിവാസിയുമായ ഇരുപതുകാരൻ അമേരിക്കൻ എയർലൈൻസിലെ സഹയാത്രികനുമേൽ മൂത്രമൊഴിച്ചതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. ഞങ്ങൾ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിസിപി (ഐജിഐ എയർപോർട്ട്) ദേവേഷ് കുമാർ മാഹ്ല പറഞ്ഞു.
മദ്യലഹരിയിൽ മയക്കത്തിലായ വോഹ്‌റ സഹയാത്രികനുമേൽ മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് വൃത്തങ്ങൾ പറയുന്നത്. ”അയാളുടെ സീറ്റിലിരുന്നാണ് മൂത്രമൊഴിച്ചത്. തൊട്ടടുത്തിരുന്ന സഹയാത്രികന്റെ സീറ്റിലേക്കും മൂത്രം ഒഴുകിയെത്തുകയായിരുന്നു. ഉടൻ തന്നെ ഇയാൾ വിമാനത്തിലെ ജീവനക്കാരെ വിളിച്ചു. എന്നാൽ പരാതി നൽകാൻ താൽപര്യപ്പെട്ടില്ല. പിന്നീട് വിമാന ജീവനക്കാർ ആവശ്യപ്പെട്ടപ്പോഴാണ് മുഴുവൻ വിവരങ്ങളും പറഞ്ഞത്,” വൃത്തങ്ങൾ പറഞ്ഞു.
ജീവനക്കാർ സഹയാത്രികനിൽനിന്നും പരാതി വാങ്ങുകയും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിൽ കൺട്രോളിൽ വിവരം അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ വിദ്യാർഥിയെ ഡൽഹി പൊലീസിന് കൈമാറിയതായി വൃത്തങ്ങൾ വ്യക്തമാക്കി.
2022 നവംബറിൽ ന്യൂയോർക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽവച്ച് മദ്യലഹരിയിൽ ശങ്കർ മിശ്ര എന്നയാൾ സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിച്ചിരുന്നു. സംഭവത്തിനുപിന്നാലെ വിമാന ജീവനക്കാർ തന്നെ സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഹയാത്രിക പരാതിപ്പെട്ടു. സംഭവം നടന്ന് ഒരു മാസത്തിനുശേഷം ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സംഭവം നടന്ന് 12 മണിക്കൂറിനകം ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. നാലു മാസത്തേക്ക് മിശ്രയ്ക്ക് വിമാന യാത്ര വിലക്കേർപ്പെടുത്തുകയും ചെയ്തു.