ശ്രീനഗര്‍: ഷോപ്പിയാനില്‍ 20 മാസം മാത്രം പ്രായമുളള കുഞ്ഞിന് സുരക്ഷാ സേനയുടെ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റു. ഞായറാഴ്ച്ച രാവിലെ വീട്ടിനകത്ത് വെച്ചാണ് ഹിബ നിസാര്‍ എന്ന കുരുന്നിന്റെ വലതു കണ്ണില്‍ സുരക്ഷാ സേനയുടെ പെല്ലറ്റ് തുളച്ചു കയറിയത്. ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ കണ്ണിന്റെ കാഴ്ച്ച തിരികെ ലഭിക്കില്ലെന്നാണ് ഭയപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായത്.  ഒരു പൗരൻ  സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയും അൻപിലധികം  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെയാണ് ഹിബയ്ക്ക് പരുക്കേറ്റത്. തന്റെ രണ്ട് കുട്ടികൾക്കൊപ്പം താന്‍ വീടിന്റെ അകത്തായിരുന്നെന്ന് ഹിബയുടെ മാതാവ് മര്‍സാല ജാന്‍ പറഞ്ഞു.

‘പുറത്ത് രൂക്ഷമായ രീതിയില്‍ ടിയര്‍ഗ്രാസ് പ്രയോഗം നടക്കുമ്പോള്‍ ഞങ്ങള്‍ വീട്ടിനകത്ത് ആയിരുന്നു. ടിയര്‍ഗ്യാസ് വീട്ടിനകത്തേക്കും പ്രവേശിച്ചു. ഇതിനിടിയിലാണ് എന്റെ അഞ്ച് വയസായ മകന്‍ ശ്വാസം മുട്ടുന്നെന്ന് പറഞ്ഞത്. കുട്ടികളെ വേഗം പുറത്തെത്തിക്കാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വാതില്‍ തുറന്നപാടെ മൂന്ന് സുരക്ഷാ സൈനികര്‍ ഞങ്ങള്‍ക്ക് നേരെ പെല്ലറ്റ് പ്രയോഗിച്ചു,’ ആശുപത്രിയില്‍ ഹിബയെ കൈയിലെടുത്ത് മര്‍സല പറഞ്ഞു. മര്‍സലയുടെ കൈയ്ക്കും പെല്ലറ്റാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

‘ഹിബയെ രക്ഷിക്കാനായി ഞാന്‍ അവളുടെ മുഖം എന്റെ കൈ കൊണ്ട് മറച്ചിരുന്നു. അപ്പോഴാണ് എന്റെ കൈയ്ക്ക് പരിക്കേറ്റത്. ഞാന്‍ കൈ കൊണ്ട് മറച്ചിരുന്നില്ലെങ്കില്‍ മകളുടെ മുഖം മുഴുവനായും വികൃതമാവുമായിരുന്നു,’ മര്‍സല പറഞ്ഞു. മകനെ പിറകിലേക്ക് മാറ്റി നിര്‍ത്തിയത് കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook