അലിഗഡ്: ഞായറാഴ്ചയാണ് അലിഗഡിലെ തെരുവിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ വലിച്ച് പുറത്തിട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. മെയ് 30ന് കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹമാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. കുട്ടിയുടെ പിതാവുമായി വായ്പയുടെ പേരില്‍ പ്രശ്നമുണ്ടായിരുന്ന ആളുകളാണ് അറസ്റ്റിലായതെന്ന് അലീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ജൂൺ രണ്ടിനാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാലിന്യക്കൂനയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഏറെ ജനരോഷമുയർന്നിരുന്നു. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പ്രതിഷേധം ആളിക്കത്തി. അന്വേഷണത്തിൽ പിഴവ് സംഭവിച്ചതിന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചുളള ഹാഷ്ടാഗ് ക്യാംപെയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 17000ത്തില്‍ അധികം ട്വീറ്റുകളാണ് പെണ്‍കുട്ടിക്ക് നീതി തേടി പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രാകൃതവും ക്രൂരവുമായ കൊലപാതകമാണ് നടന്നതെന്ന് പ്രതിഷേധം ഇരമ്പി. പോസ്റ്റ്മോര്‍ട്ടത്തില്‍ രണ്ട് വയസുകാരി പീഡനത്തിന് ഇരയായോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്ന നിലയിലായിരുന്നു.
Read More: അമിത അളവിലുളള ലഹരിമരുന്ന് കത്തുവ പെണ്‍കുട്ടിയെ ‘കോമ’യിലേക്ക് തള്ളിവിട്ടു: ഫൊറന്‍സിക് വിദഗ്‌ധര്‍
അലിഗഡില്‍ വീട്ടിന്റെ അടുത്ത് നിന്നാണ് പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. സാഹിദ്, അസ്‌ലം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തെ അടുത്ത് അറിയാവുന്നവരായിരുന്നു ഇവര്‍. പ്രതികാരം ചെയ്യാനാണ് ഇവര്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അതുകൊണ്ട് തന്നെയാണ് പെണ്‍കുട്ടിയുടെ വീട്ടിന് തൊട്ടടുത്തുളള മാലിന്യ കൂമ്പാരത്തില്‍ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും 50,000 രൂപ സാഹിദ് വായ്പ വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ 5000 രൂപ തിരികെ നല്‍കാനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തര്‍ക്കമായി. മെയ് 30ന് രാത്രിയാണ് വീട്ടിന് പുറത്ത് വച്ച് പെണ്‍കുട്ടിയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷമാണ് മാലിന്യ കൂമ്പാരത്തില്‍ തുണിയില്‍ പൊതിഞ്ഞ മൃതദേഹം നായ്ക്കള്‍ ഭക്ഷിക്കുന്നത് ഒരു യുവതി കണ്ടത്. ഉടന്‍ തന്നെ യുവതി മറ്റുളളവരെ വിവരം അറിയിച്ചു.
സംഭവത്തിന്റെ തീവ്രത കണക്കിലെടുത്ത് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസ് അന്വേഷിക്കുകയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. പൊലീസ് തക്കതായ ശിക്ഷ പ്രതികള്‍ക്ക് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിയും ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തി.