ലക്‌നൗ: നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ ഒരു പൊലീസ് സബ് ഇൻസ്പെക്ടറെയും ഹെഡ് കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. യുവാവിനെ പൊലീസുകാർ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടി.

ചൊവ്വാഴ്ച സിദ്ധാർഥ്നഗർ ജില്ലയിലെ ഖെഷ്റാഖ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. രണ്ടു മിനിറ്റ് ദൈർഘ്യമുളള വീഡിയോയിൽ സബ് ഇൻസ്‌പെക്ടർ വിരേന്ദ്ര മിശ്രയും ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര പ്രസാദും ചേർന്ന് അതിക്രൂരമായി മർദിക്കുന്നത് വ്യക്തമാണ്. തന്നെ വെറുത വിടണമെന്ന് റിങ്കു പാണ്ഡ്യ എന്ന യുവാവ് കേണപേക്ഷിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കേൾക്കാം.

അതേസമയം, റിങ്കു മദ്യപിച്ചിരുന്നുവെന്നും പ്രദേശത്തെ മറ്റൊരു യുവാവിനെ അസഭ്യം പറഞ്ഞതിനാലാണ് മർദിച്ചതെന്നുമാണ് പൊലീസുകാരുടെ വിശദീകരണം. ”വിശദമായ അന്വേഷണത്തിനുശേഷമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. റിങ്കു പാണ്ഡ്യ ഒരു മുസ്‌ലിം യുവാവിനോട് മോശമായി പെരുമാറുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസുകാരെ അവിടേക്ക് വിട്ടത്. അസ്വീകാര്യമായ രീതിയിലാണ് പൊലീസുകാർ വിഷയം കൈകാര്യം ചെയ്തത്. അവരുടെ പ്രവൃത്തി അംഗീകരിക്കാനാവില്ല. അന്വേഷണത്തിനുശേഷമാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്,” സിദ്ധാർഥ്നഗർ എസ്‌പി ധർമം വീർ സിങ് പറഞ്ഞു.

പൊലീസുകാരുടെ മർദനത്തിനിരയായ യുവാവിനെ വിട്ടയച്ചതായും എസ്‌പി പറഞ്ഞു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook