ഉടുപ്പിയില്‍: കര്‍ണാടകയിലെ കര്‍ക്കലയില്‍ രണ്ട് പുളളിപ്പുലികളേയും ആനയേയും ജീവനറ്റ നിലയില്‍ കണ്ടെത്തി. രണ്ട് പുലികളും പട്ടിണി മൂലമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധ മൂലമാണ് ആന ചരിഞ്ഞതെന്നാണ് വിവരം.

ചാവുന്നതിന് തൊട്ടുമുമ്പുളള ഒരു പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശനിലയിലായിരുന്ന പുലിയ്ക്ക് ഇര പിടിക്കാന്‍ പോലും ത്രാണിയുണ്ടായിരുന്നില്ല. നാട്ടുകാര്‍ പകര്‍ത്തിയ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ ബുധനാഴ്ചയാണ് രണ്ട് പുലികളുടേയും ജഡം വനംവകുപ്പ് കണ്ടെത്തിയത്. രണ്ടോ മൂന്നോ മാസം മാത്രമാണ് പുലിയുടെ പ്രായം കണക്കാക്കുന്നത്. പിന്നീട് ബൈലൂരിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ പുലിയുടെ ആമാശയത്തില്‍ പുല്ല് മാത്രമാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമ്മപ്പുലിയില്‍ നിന്നും വേര്‍പ്പെട്ട് പോയതാവം ഈ പുലിയെന്നാണ് നിഗമനം. ഒരു വയസോളം പ്രായമുളളതാണ് ചത്ത രണ്ടാമത്തെ പുലി. എര്‍ലപ്പാടിയിലെ ഗവണ്‍മെന്റ് ഭൂമിയിലാണ് ഇതിന്റെ ജഡം കണ്ടെത്തിയത്. അഞ്ച് വയസോളം പ്രായമുളള ആനയാണ് പ്രദേശത്ത് ചരിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ