സിഡ്നി: ഓസ്ട്രേലിയയിലെ പ്രശസ്തമായ മൂണി ബീച്ചില്‍ രണ്ട് ഇന്ത്യക്കാര്‍ ഒഴുക്കില്‍പെട്ടു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. തെലങ്കാനയില്‍ നിന്നുളള കുടുംബമാണ് അപകടത്തില്‍ പെട്ടത്. കുടുംബാംഗമായ കുട്ടികള്‍ കടലില്‍ പെട്ടതോടെ ഇവരെ രക്ഷിക്കാനായി ചാടിയതായിരുന്നു ജുനൈദ് (28), മുഹമ്മദ് ഗൗസുദ്ധീന്‍ എന്നിവര്‍.
ജുനൈദിന്റെ ഭാര്യാപിതാവാണ് ഗൗസുദ്ദീന്‍. ഗൗസുദ്ദീന്റെ മക്കളായ ഇയാഷ (17), റംഷ (12), മുഹമ്മദ് ആഖിബ് (15) എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ഇവരെ രക്ഷിക്കാനായി ചാടിയ ഇരുവരും തിരമാലയില്‍ പെടുകയായിരുന്നു. കുട്ടികളെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ചു. അവധി ആഘോഷിക്കാനായാണ് ഇവര്‍ ബീച്ചിലെത്തിയതെന്ന് ജുനൈദിന്റെ സഹോദരി നസ്രീന്‍ പറഞ്ഞു.
2014 മുതല്‍ തെലങ്കാനയിലെ ഈ കുടുംബം സിഡ്നിയില്‍ താമസിക്കുകയാണ്. കടല്‍ കരയ്ക്ക് കളിക്കുകയായിരുന്ന കുട്ടികളാണ് തിരമാലയില്‍ പെട്ടത്. ഉടന്‍ തന്നെ ജുനൈദും ഗൗസുദ്ദീനും ഇവരുടെ അര്‍ദ്ധ സഹോദരനായ റാഹത്തും കടലിലേക്ക് ചാടി. എന്നാല്‍ തിരമാലയില്‍ പെട്ട് ഇവരും ആഴത്തിലേക്ക് പോയി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഗൗസുദ്ധീനേയും റാഹത്തിനേയും കുട്ടികളേയും കരയ്ക്കെത്തിച്ചു. എന്നാല്‍ ഗൗസുദ്ധീന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജുനൈദിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇന്നലെ വെളിച്ചക്കുറവ് കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.